ഇന്ത്യയ്ക്ക് വിജയമൊരുക്കി ഏകത ബിഷ്ട്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിനെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 66 റണ്‍സ് വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 202 റണ്‍സ് മാത്രമേ നേടാനായുള്ളുവെങ്കിലും എതിരാളികളെ 136 റണ്‍സിനു പുറത്താക്കി ഇന്ത്യ പരമ്പരയില്‍ മുന്നിലെത്തുകയായിരുന്നു. ഏക്ത ബിഷ്ട് നാല് വിക്കറ്റുമായി ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കിയപ്പോള്‍ ശിഖ പാണ്ടേയും ദീപ്തി ശര്‍മ്മയും രണ്ട് വീതം വിക്കറ്റ് നേടി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് വേണ്ടി ജെമീമ റോഡ്രിഗസ്(48), മിത്താലി രാജ്(44) എന്നിവര്‍ മികവ് പുലര്‍ത്തിയപ്പോള്‍ ജൂലന്‍ ഗോസ്വാമി നിര്‍ണ്ണായകമായ 30 റണ്‍സ് നേടി. സ്മൃതി മന്ഥാന(24), താനിയ ഭട്ട് എന്നിവര്‍(25) ടീമിനു വേണ്ടി നിര്‍ണ്ണായക പ്രകടനം നടത്തി. ഇംഗ്ലണ്ടിനു വേണ്ടി ജോര്‍ജ്ജിയ എല്‍വിസ്, നത്താലി സ്കിവര്‍, സോഫി എക്സല്‍സ്റ്റോണ്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ഇംഗ്ലണ്ടിനു വേണ്ടി നത്താലി സ്കിവര്‍ 44 റണ്‍സ് നേടിയെങ്കിലും താരം റണ്ണൗട്ട് രൂപത്തില്‍ പുറത്താകുകയായിരുന്നു. ക്യാപ്റ്റന്‍ ഹീത്തര്‍ നൈറ്റ് പുറത്താകാതെ 39 റണ്‍സ് നേടി നിന്നുവെങ്കിലും മറുവശത്ത് വിക്കറ്റുകളുമായി ഏക്ത ബിഷ്ട് ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞു. 38/3 എന്ന നിലയിലേക്ക് വീണ ഇംഗ്ലണ്ടിനെ സ്കിവര്‍-ഹീത്തര്‍ കൂട്ടുകെട്ട് 73 റണ്‍സുമായി കരകയറ്റുമെന്ന് തോന്നിപ്പിച്ചപ്പോളാണ് ഏക്ത ബിഷ്ട് സ്കിവറിനെ റണ്ണൗട്ടാക്കിയത്.

തുടര്‍ന്ന് വിക്കറ്റുകള്‍ വേഗത്തില്‍ വീണപ്പോള്‍ ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് 41 ഓവറില്‍ അവസാനിച്ചു. ടീമിന്റെ അവസാന ഏഴ് വിക്കറ്റ് 25 റണ്‍സ് നേടുന്നതിനിടെയാണ് വീണത്. 111/3 എന്ന നിലയില്‍ നിന്ന് 136 റണ്‍സിനു ഓള്‍ഔട്ട് ആയ ടീമിന്റെ പതനം പൊടുന്നനെയായിരുന്നു.