ഡ്യൂറണ്ട് കപ്പ് എഫ് സി ഗോവ സ്വന്തമാക്കി. ഇന്ന് കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ മൊഹമ്മദൻസിനെ പരാജയപ്പെടുത്തി ആണ് ഗോവ കിരീടത്തിൽ മുത്തമിട്ടത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഗോവയുടെ വിജയം. എക്സ്ട്രാ ടൈം വരെ നീണ്ടു നിന്ന പോരാട്ടത്തിൽ എഫ് സി ഗോവ ക്യാപ്റ്റൻ എഡു ബേഡിയ ആണ് വിജയ ശില്പി ആയത്. മത്സരത്തിന്റെ 105ആം മിനുട്ടിൽ ആയിരുന്നു ഗോൾ. പെനാൾട്ടി ബോക്സിന് പുറത്ത് വലതു മൂലയിൽ കിട്ടിയ ഫ്രീകിക്ക് തന്റെ ഇടം കാലു കൊണ്ട് എഡു ബേഡിയ വലയിൽ എത്തിക്കുക ആയിരുന്നു.
മത്സരത്തിൽ തുടക്കം മുതൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം ആണ് നീങ്ങിയത്. കാര്യമായി അവസരങ്ങൾ സൃഷ്ടിക്കാൻ രണ്ടു ടീമുകളും അധികം അവസരം നൽകിയില്ല. മലയാളി താരം നെമിൽ നന്നായി കളിച്ചു എങ്കിലും മുൻ മത്സരങ്ങളെ പോലെ അത്ഭുത നിമിഷങ്ങൾ സൃഷ്ടിക്കാൻ നെമിലിനും ആയില്ല. കിരീടം നേടിയ ഗോവൻ ടീമിൽ മറ്റൊരു മലയാളി സാന്നിദ്ധ്യമായി ക്രിസ്റ്റി ഡേവിസും ഉണ്ടായിരുന്നു. ഗോവയുടെ ദേശീയ തലത്തിലെ മൂന്നാം വലിയ കിരീടമാണിത്. നേരത്തെ ഐ എസ് എൽ ലീഗ് ഷീൽഡും, അതിനു മുമ്പ് സൂപ്പർ കപ്പ് കിരീടവും ഗോവ നേടിയിരുന്നു.