ഡ്യൂറണ്ട് കപ്പ്; ഗോകുലത്തിന് ആദ്യ മത്സരത്തിൽ സമനില

Img 20210912 Wa0037
Credit: Twitter

ഡ്യൂറണ്ട് കപ്പിൽ ഗോകുലം കേരളക്ക് ആദ്യ മത്സരത്തിൽ സമനില. ഇന്ന് നടന്ന ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിൽ ആർമി റെഡ് ആണ് ഗോകുലത്തെ സമനിലയിൽ പിടിച്ചത്. 2-2 എന്ന സ്കോറിലാണ് മത്സരം അവസാനിച്ചത്.

മികച്ച രീതിയിലാണ് ഗോകുലം കേരള ഇന്ന് മത്സരം ആരംഭിച്ചത്. ഒമ്പതാം മിനുട്ടികൽ തന്നെ അവർ മുന്നിൽ എത്തി. വിദേശ താരം റഹീം ഒസുമാനു ആണ് ഗോകുലത്തിന് ലീഡ് നൽകിയത്. ലോംഗ് റേഞ്ചറിലൂടെ ആയിരുന്നു ഘാന താരത്തിന്റെ ഗോൾ. ലീഡ് അധിക സമയം പക്ഷെ നീണ്ടുനിന്നില്ല. 30ആം മിനുട്ടിൽ മലയാളി താരം ജെയ്നിന്റെ സ്ട്രൈക്ക് അജ്മലിനെ മറികടന്ന് വലയിൽ എത്തി.സ്കോർ 1-1. ഈ ഗോളിന്റെ ഞെട്ടലിൽ നിന്ന് ഗോകുലം കരകയറും മുമ്പ് ആർമി റെഡ് അവരുടെ രണ്ടാം ഗോൾ നേടി.

40ആം മിനുട്ടിൽ താപയുടെ ഷോട്ടാണ് വലയിൽ കയറിയത്. ഗോകുലം ഗോൾ കീപ്പർ അജ്മലിന്റെ പിഴവ് ഈ ഗോളിൽ ഉണ്ടായിരുന്നു. രണ്ടാം പകുതിയിൽ കളിയിലേക്ക് തിരിച്ചുവരാൻ ശ്രമിച്ച ഗോകുലത്തിന് 68ആം മിനുട്ടിൽ ഒരു പെനാൾട്ടി ലഭിച്ചു. ക്യാപ്റ്റൻ ഷെരീഫ് അത് ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 2-2.

86ആം മുനുട്ടിൽ ജിതിൻ ഗോകുലത്തിന്റെ വിജയ ഗോൾ നേടി എന്നാണ് കരുതിയത് എങ്കിലും ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. വിജയിക്കാനുള്ള അവസാന അവസരമായിരുന്നു അത്.

ഈ സമനിലയോടെ ആർമി റെഡിന് രണ്ട് മത്സരങ്ങളിൽ നിന്ന് 4 പോയിന്റായി. 16ആം തീയതി ഹൈദരബാദിനെയാണ് ഗോകുലം അടുത്ത മത്സരത്തിൽ നേരിടേണ്ടത്.

Previous articleസച്ചിൻ മുംബൈ ഇന്ത്യൻസിനൊപ്പം യു എ ഇയിൽ
Next articleമലയാളി യുവതാരം റബീഹിന് ഗോൾ, റൈഫിൾസിനെ ഗോളിൽ മുക്കി ഹൈദരാബാദ്