മലയാളി യുവതാരം റബീഹിന് ഗോൾ, റൈഫിൾസിനെ ഗോളിൽ മുക്കി ഹൈദരാബാദ്

ഹൈദരാബാദ് എഫ് സിക്ക് ഡ്യൂറണ്ട് കപ്പിലെ ആദ്യ മത്സരത്തിൽ വൻ വിജയം. മലയാളി പരിശീലകൻ ഷമീലിന്റെ കീഴിൽ ഇറങ്ങിയ ഹൈദരബാദ് ഇന്ന് ആസാം റൈഫിൾസിനെ ആണ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു ഹൈദരബാദിന്റെ വിജയം. തീർത്തും യുവനിരയുമായാണ് ഹൈദരാബാദ് ഡ്യൂറണ്ട് കപ്പിനെത്തിയ ഹൈദരബാദ് ഇന്ന് ആദ്യ പകുതിയിൽ തന്നെ നാലു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. ഏഴാം മിനുട്ടിൽ മലയാളി താരം അബ്ദുൽ റബീഹ് ആണ് ഹൈദരബാദിന് ലീഡ് നൽകിയത്. റബീഹിന്റെ ഹൈദരബാദിനായുള്ള ആദ്യ ഔദ്യോഗിക ഗോളാണിത്.

പിന്നീട് 18ആം മിനുട്ടിൽ ലാൽചുൻനുംഗ, 21ആം മിനുട്ടിൽ റോഹ്ലുപുയിയ, 28ആം മിനുട്ടിൽ അരുൺ കുമാർ എന്നിവർ ഗോൾ നേടി. രണ്ടാം പകുതിയിൽ ലാൽചുൻനുംഗ ഒരു ഗോൾ കൂടെ നേടിയതോടെ ഗോൾ പട്ടിക പൂർത്തിയായി. ഇനി അടുത്ത മത്സരത്തിൽ ഗോകുലം കേരളയെ ആണ് ഹൈദരബാദ് നേരിടേണ്ടത്.