അര്‍ഷ്ദീപിനെ വിമര്‍ശിക്കുന്നത് നിര്‍ത്തു, ആരും അറിഞ്ഞോണ്ട് ക്യാച്ചുകള്‍ കളയുന്നില്ല -ഹര്‍ഭജന്‍ സിംഗ്

രവി ബിഷ്ണോയിയുടെ ഓവറിൽ അര്‍ഷ്ദീപ് സിംഗ് ആസിഫ് അലിയുടെ ക്യാച്ച് കൈവിട്ടപ്പോള്‍ വലിയ വിലയാണ് പിന്നീട് മത്സരത്തിൽ ഇന്ത്യ കൊടുക്കേണ്ടി വന്നത്. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ 19ാം ഓവറിൽ ആസിഫ് അലിയും ഖുഷ്ദിൽ ഷായും ചേര്‍ന്ന് താരത്തെ കടന്നാക്രമിച്ചപ്പോള്‍ 19 റൺസ് ഓവറിൽ നിന്ന് പിറന്നു.

ഇതോടെ അവസാന ഓവറിൽ 7 റൺസ് മതിയെന്ന നിലയിൽ അര്‍ഷ്ദീപ് മികച്ച രീതിയിൽ പന്തെറിഞ്ഞുവെങ്കിലും പാക്കിസ്ഥാന്റെ വിജയം തടയുവാന്‍ താരത്തിനായില്ല. ഇന്ന് ഇന്ത്യന്‍ ബൗളര്‍മാരിൽ മികച്ച നിന്നതിൽ രവി ബിഷ്ണോയിയും അര്‍ഷ്ദീപ് സിംഗും മാത്രമാണുള്ളതെങ്കിലും ആ കൈവിട്ട ക്യാച്ചിന് താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ അമര്‍ഷം പുകയുകയാണ്.

ഇപ്പോള്‍ താരത്തിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ് രംഗത്തെത്തിയിട്ടുണ്ട്. യുവ താരം അര്‍ഷ്ദീപിനെ വിമര്‍ശിക്കുന്നത് നിര്‍ത്തൂ, ആരും ക്യാച്ചുകള്‍ മനഃപൂര്‍വ്വം കൈവിടില്ലെന്നും താരം ട്വിറ്ററിൽ കുറിച്ചു.

പാക്കിസ്ഥാന്‍ മികച്ച ക്രിക്കറ്റ് കളിച്ചതിനാൽ ജയിച്ചുവെന്നും അല്ലാതെ അര്‍ഷ്ദീപിനെയും ടീമിനെയും വിമര്‍ശിക്കുന്നവര്‍ സ്വന്തം വില കളയുകയാണെന്നും ഹര്‍ഭജന്‍ കുറിച്ചു. അര്‍ഷ്ദീപ് ക്യാച്ച് കൈവിട്ട ശേഷം 8 പന്തിൽ 16 റൺസാണ് ആസിഫ് അലി നേടിയത്. താരത്തിനെ അവസാന ഓവറിൽ വിക്കറ്റിന് മുന്നിൽ കുടുക്കി അര്‍ഷ്ദീപ് തന്നെയാണ് മടക്കിയയച്ചത്.

Comments are closed.