ഉക്രൈൻ യുദ്ധത്തിന്റെ ഫലമായി അതിക്രമം കാണിച്ച റഷ്യയിലെയും ബലാറസിലേയും ടെന്നീസ് താരങ്ങളെ വിംബിൾഡണിൽ നിന്നു വിലക്കാനുള്ള തീരുമാനത്തെ വിമർശിച്ച് ലോക ഒന്നാം നമ്പർ നൊവാക് ജ്യോക്കോവിച്ച് രംഗത്ത്. താൻ എന്നും യുദ്ധത്തിനു എതിരാണ് എന്നു പറഞ്ഞ താരം അതിന്റെ കെടുതികൾ അനുഭവിച്ച ആൾ എന്ന നിലയിൽ യുദ്ധം എന്താണ് എന്നും എത്രത്തോളം മാനസിക പ്രയാസവും ബുദ്ധിമുട്ടുകളും ആണ് സൃഷ്ടിക്കുന്നത് എന്നും തനിക്ക് അറിയാമെന്നു പറഞ്ഞ ജ്യോക്കോവിച്ച് പക്ഷെ താരങ്ങളെ വിലക്കിയ നീക്കത്തെ തുറന്നു എതിർത്തു. 1999 ൽ നാറ്റോ യൂഗോസ്ലോവിയയിൽ ബോംബ് ഇടുമ്പോൾ 11 വയസ്സ് ആയിരുന്നു അവിടെ ജനിച്ച ജ്യോക്കോവിച്ചിന്.
താൻ എന്നും യുദ്ധത്തിനു എതിരാണ് എന്നു ആവർത്തിച്ച താരം അത് എന്നും സാധാരണ ജനതയെ ആണ് ഏറ്റവും അധികം ബാധിക്കുക എന്നും പറഞ്ഞു. എന്നാൽ റഷ്യൻ ബലാറസ് താരങ്ങളെ വിലക്കിയ വിംബിൾഡൺ നീക്കത്തെ ഭ്രാന്തമായ നീക്കം എന്നാണ് വിളിച്ചത്. ഇത് ഒരിക്കലും താരങ്ങളുടെ തെറ്റ് അല്ല എന്ന് ഓർമ്മിപ്പിച്ച ജ്യോക്കോവിച്ച് തനിക്ക് ഇതിനോട് ഒരിക്കലും യോജിക്കാൻ ആവില്ല എന്നും വ്യക്തമാക്കി. കായിക രംഗത്ത് രാഷ്ട്രീയം ഇടപെടുമ്പോൾ അത് ഒരിക്കലും നല്ല ഫലം ആവില്ല ഉണ്ടാക്കുക എന്നും താരം പറഞ്ഞു. ലോക പുരുഷ രണ്ടാം നമ്പർ ഡാനിൽ മെദ്വദേവ് അടക്കം വമ്പൻ താരങ്ങൾക്ക് ഈ വിലക്ക് മൂലം വിംബിൾഡൺ നഷ്ടമാവും.