ചെൽസിയെ വാങ്ങാനുള്ള ശ്രമത്തിൽ ലൂയിസ് ഹാമിൾട്ടനും സെറീന വില്യംസും പങ്കാളികൾ

റഷ്യൻ കോടീശ്വരൻ റോമൻ അബ്രമോവിച് യുഗത്തിന് ശേഷം ചെൽസിയെ വാങ്ങാൻ നിരവധി ആളുകൾ ആണ് രംഗത്ത് വന്നത്. മുമ്പ് ലിവർപൂൾ ചെയർമാൻ ആയിരുന്ന ബ്രിട്ടീഷ് കോടീശ്വരൻ സർ മാർട്ടിൻ ബ്രോടന്റെ ശ്രമത്തിൽ സെറീന വില്യംസും ലൂയിസ് ഹാമിൾട്ടനും പണം മുടക്കും. ലോകത്തിലെ എക്കാലത്തെയും മികച്ച ടെന്നീസ് താരമായ സെറീന വില്യംസും ചെൽസിയുടെ എതിരാളി ആഴ്‌സണൽ ആരാധകൻ കൂടി ആയ 7 തവണ ലോക ചാമ്പ്യൻ ആയ ലൂയിസ് ഹാമിൾട്ടനും പക്ഷെ ഫുട്‌ബോൾ സംബന്ധമായ കാര്യങ്ങളിൽ ഇടപെടില്ല.

ചെൽസി ആരാധകൻ കൂടിയായ ലോക അത്ലറ്റിക് പ്രസിഡന്റ് കൊ പ്രഭുവും ഈ നീക്കത്തിന് പിറകിൽ ഉണ്ട്. ബ്രോടൻ ഗ്രൂപ്പിന്റെ ശ്രമത്തിൽ കാനഡയിൽ ടെലികോം, മീഡിയ സ്ഥാപനങ്ങൾ ഉള്ള റോജേഴ്‌സ് കുടുംബം, 2 ബേസ് ബോൾ ടീം ഉടമകൾ ആയ തായ്‌വാനിലെ സായ് കുടുംബം എന്നിവർ ഭാഗം ആണ്. ഇതിനോടൊപ്പം ക്രിസ്റ്റൽ പാലസ് സഹ ഉടമകൾ ആയ ജോ ഹാരിസ്, ഡേവിഡ് ബ്ലിറ്റ്സർ എന്നിവരും ഇതിന്റെ ഭാഗം ആണ്. ഇവർക്ക് പിറമെ അമേരിക്കൻ മേജർ ലീഗ് ബേസ് ബോൾ ടീം ആയ ലോസ് ആഞ്ചൽസ് ഡോഡ്ജേഴ്‌സ് സഹ ഉടമ ടോഡ് ബോഹ്ലി, നാഷണൽ ബാസ്‌ക്കറ്റ് ബോൾ ടീം ആയ ബോസ്റ്റൺ സെൽറ്റിക് സഹ ഉടമ സ്റ്റീഫൻ പാഗിലുക എന്നിവർ ആണ് ചെൽസി വാങ്ങാൻ പ്രധാനമായും രംഗത്തുള്ളത്.