മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യതാ പ്രതീക്ഷയ്ക്ക് വീണ്ടും തിരിച്ചടി. ആഴ്സണലും ടോട്ടൻഹാമും തോറ്റതോടെ ടോപ് ഫോറിൽ കടക്കാമെന്ന പ്രതീക്ഷ വെച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് പക്ഷെ ഇന്ന് ചെൽസിക്ക് എതിരെ സമനില വഴങ്ങി. മികച്ച പ്രകടനം പുറത്തെടുത്ത മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടി ആയത് ഡി ഹിയയുടെ അബദ്ധം ആയിരുന്നു.
അവസാന കുറേ മത്സരങ്ങളായി മോശം ഫോമിൽ ആയിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് മികച്ച രീതിയിലാണ് തുടങ്ങിയത്. ചെൽസിയെ വട്ടം കറക്കിയ തുടക്കത്തിന് ശേഷം മാറ്റയിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് എടുത്തു. ലൂക് ഷോയുടെ പാസിൽ നിന്ന് ആയിരുന്നു മുൻ ചെൽസി താരം കൂടിയായ മാറ്റ സ്കോർ ചെയ്തത്. മത്സരത്തിൽ ചെൽസി ഒരിക്കലും തിരിച്ചുവരില്ല എന്ന് തോന്നിയിരുന്നു എങ്കിലും ഡി ഹിയയുടെ അബദ്ധം വിനയായി.
എളുപ്പം പിടിക്കാമായിരുന്ന ഒരു ലോംഗ് റേഞ്ചർ കയ്യിൽ ഒതുക്കാൻ ഡി ഹിയക്ക് ആയില്ല. ആ അവസരം മുതലെടുത്ത് അലോൺസോ വല കുലുക്കി ചെൽസിയെ ഒപ്പം എത്തിക്കുകയും ചെയ്തു. സമീപകാലത്തായി ദയനീയ ഫോമിൽ ഉള്ള ഡി ഹിയ അത് തുടരുകയാണ് ഇന്നും ചെയ്തത്. ആ ഗോളോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് അതുവരെ കളിച്ച നല്ല ഫുട്ബോളും അവസാനിച്ചു. മത്സരത്തിന്റെ നിയന്ത്രണം അതിനു ശേഷം കൂടുതലും ചെൽസിയുടെ അടുത്തായി.
രണ്ടാം പകുതിയിൽ ഇരുടീമുകൾക്കു ഗോൾ കീപ്പർമാരെ പരീക്ഷിക്കാൻ ആയില്ല. മത്സരം 1-1 എന്ന നിലയിൽ അവസാനിക്കുകയും ചെയ്തു. ഈ സമനിലയോടെ ആദ്യ നാലിൽ എത്തുക മാഞ്ചസ്റ്റർ യുണൈറ്റഡിന് അസാധ്യമായിരിക്കുകയാണ്. 36 മത്സരങ്ങൾ കഴിഞ്ഞപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് 65 പോയന്റുമായി ആറാം സ്ഥാനത്താണ്. 68 പോയന്റുമായി ചെൽസി നാലാം സ്ഥാനത്തും.