സുഹൃത്തും ശാസ്ത്രജ്ഞനുമായ സജീവ് പണ്ട് പറഞ്ഞ ഒരു കഥ ഓർമ്മ വന്നു. നിലമ്പൂർ കാടുകളിലെ ആദിമ നിവാസികളുടെ കൂടെ താമസിച്ചപ്പോൾ അവർ സജീവിനോട് പറഞ്ഞതാണ്, പൊട്ടി തിരിക്കുന്നതിനെ കുറിച്ച്. നമ്മൾ ചെയ്യുന്ന കാര്യങ്ങളിൽ എന്തേലും വിഘ്‌നം ഉണ്ടായാൽ, അവർ അതിനെ പൊട്ടി തിരിക്കുക എന്ന് പറയും. പൊട്ടി തിരിച്ചാൽ അവർ ഒന്നു ഇരുന്നു മുറുക്കും. അത് കഴിഞ്ഞാൽ ആ തടസ്സം മാറിക്കിട്ടും.
ഇത് സെർബിയക്കാരൻ നോവാക്കിനും അറിയാമെന്നു തോന്നുന്നു. രണ്ടാം തവണയാണ് വിംബിൾഡണിൽ നോവാക് ജോക്കോവിച്ച് പൊട്ടി തിരിച്ചത് നേരിടുന്നത്. ഇന്നലെ സെമിയിൽ ക്രൗഡ് ഫേവറിറ്റ് ആയ ബ്രിട്ടീഷുകാരൻ കാമറൂൺ നോറി കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് ഒന്നാം സെറ്റ് കരസ്ഥമാക്കി. ക്വാർട്ടറിലെ അനുഭവം വച്ച് നോവാക് അത് കഴിഞ്ഞു ഒരു ബ്രേക്ക് എടുത്തു. പിന്നീട് തിരിച്ചു വന്നത് യഥാർത്ഥ നോവാക് ജോക്കോവിച്ചാണ്. രണ്ടാം സെറ്റിൽ തകർത്താടിയ ജോക്കോവിച്ച് നോറിയെ മാനസ്സികമായി തളർത്തി. പിന്നീട് കളിയിലേക്ക് തിരിച്ചു വരാൻ നോറിക്ക് സാധിച്ചില്ല. രണ്ടും, മൂന്നും, നാലും സെറ്റുകൾ നേടി ജോക്കോവിച്ച് തന്റെ ഏഴാം വിംബിൾഡൺ നേടാൻ ഫൈനലിലേക്ക് കുതിച്ചു.
ഫൈനലിൽ നോവാക്കിനെ കാത്തിരിക്കുന്നത് നിക് കിരിയോസാണ്. ജോക്കോവിച്ച് തന്നെ പറഞ്ഞ പോലെ, പൊടി പാറും. ഇത് വരെ ജോക്കോവിച്ച് കിരിയോസിനെതിരെ ഒരു സെറ്റ് പോലും നേടിയിട്ടില്ല എന്ന ചരിത്രം അവിടെ നിൽക്കുമ്പോൾ തന്നെ, നാളത്തെ കളിയിൽ പഴയ കണക്കൊന്നും ഓർക്കപ്പെടില്ല. തന്റെ ആദ്യ ഗ്രാൻഡ്സ്ലാം ഫൈനൽ കളിക്കുന്ന കിരിയോസ് അപാര ഫോമിലാണ്. ഇപ്പോൾ കളിക്കുന്നവരിൽ ഏറ്റവും ശക്തമായ സെർവ് ഉള്ള കിരിയോസ് പവർ ഗെയിമിന്റെ ആശാനാണ്. ജോക്കോവിച്ചിന്റെ 20 വർഷത്തെ എക്സ്പീരിയൻസ് ആ പവർ ഗെയിമിനെ മറികടക്കുമോ എന്നു കണ്ടിരുന്നു കാണണം. ടെന്നീസിന് അതീതമായുള്ള കിരിയോസിന്റെ കളികളാണ് കാണികൾ കാത്തിരിക്കുന്നത്.
ഒരു പണത്തൂക്കം മുന്നിൽ കിരിയോസ് തന്നെ എന്ന് പറയേണ്ടി വരും.
ഇന്ന് നടക്കുന്ന വനിതകളുടെ ഫൈനൽസിലും ചരിത്രം പിറക്കും. ടുണീഷ്യൻ കളിക്കാരി ഓൻസ് നേരിടുന്നത് കസാക്ക് കളിക്കാരി റിബിക്കിനയെയാണ്. രണ്ട് പേരും ആദ്യമായാണ് ഒരു ഗ്രാൻഡ്സ്ലാം ഫൈനൽ കളിക്കുന്നത്. കളി മൂന്നാം സെറ്റിലേക്ക് കടന്നാൽ ഓൻസിനാവും സാധ്യത. ആദ്യമേ തന്റെ പവർ ഷോട്ടുകൾ കളിച്ചു മേൽക്കൈ നേടാനാകും റിബിക്കിന ശ്രമിക്കുക. ഇവർ തമ്മിൽ ഒരു നല്ല ടെന്നീസ് കളിയാണ് കാണികൾ പ്രതീക്ഷിക്കുന്നത്, അത് അവർക്ക് ലഭിക്കുകയും ചെയ്യും.