ബോക്സിങിൽ നാലാം ഫൈനലിസ്റ്റ്, നൈജീരിയൻ താരത്തെ സെമിയിൽ തകർത്തു മുന്നേറി സാഗർ

20220807 020353

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മികച്ച ദിനം തുടരുന്നു. ബോക്സിങ് സൂപ്പർ ഹെവി വെയിറ്റ് 92 കിലോഗ്രാമിനു മുകളിലുള്ള വിഭാഗത്തിൽ ഫൈനലിലേക്ക് മുന്നേറി സാഗർ അഹ്ലാവത്. നൈജീരിയൻ താരം ഇഫനെയ് ഒനക്വേരയെ തോൽപ്പിച്ചു ആണ് 22 കാരനായ സാഗർ ഫൈനലിലേക്ക് മുന്നേറിയത്.

ജഡ്ജിമാർ ഏകകണ്ഠമായി 5-0 ന്റെ ജയം സെമിയിൽ സാഗറിന് സമ്മാനിക്കുക ആയിരുന്നു. നാളെയാണ് വെള്ളി മെഡൽ ഉറപ്പിച്ച സാഗർ ഫൈനൽ കളിക്കാൻ ഇറങ്ങുക. കോമൺവെൽത്ത് ഗെയിംസിൽ ഇത്തവണ ബോക്സിങ് ഫൈനലിൽ എത്തുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് സാഗർ. നാളെയാണ് ഈ മത്സരങ്ങൾ നടക്കുക. അതേസമയം മൂന്നു വെങ്കലവും ഇതിനകം ഇന്ത്യ ബോക്സിങിൽ നേടിയിട്ടുണ്ട്.