പാര ടേബിൾ ടെന്നീസിൽ സ്വർണം നേടി ഭവിന പട്ടേൽ, ഇന്ത്യയുടെ പതിമൂന്നാം സ്വർണം, നാൽപ്പതാം മെഡൽ

20220807 015005

കോമൺവെൽത്ത് ഗെയിംസിൽ പതിമൂന്നാം സ്വർണവും നാൽപ്പതാം മെഡലുമായി ഇന്ത്യ. ഇന്നത്തെ മാത്രം പതിനാലാമത്തെ മെഡൽ ആണ് ഇന്ത്യ സ്വന്തമാക്കിയത്. ടോക്കിയോ പാരലിമ്പ്ക്സിൽ വെള്ളി മെഡൽ നേടിയ ഭവിന പട്ടേൽ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് സ്വർണം സമ്മാനിച്ചു. പാര ടേബിൾ ടെന്നീസ് ക്ലാസ് 3-5 വിഭാഗം സിംഗിൾസിൽ ആണ് ഭവിന സ്വർണം സ്വന്തം പേരിൽ കുറിച്ചത്.

20220807 015208

ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ പാര ടേബിൾ ടെന്നീസ് സ്വർണ മെഡൽ ആയിരുന്നു ഇത്. നൈജീരിയയുടെ ഇക്പെയോയിയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചു ആയിരുന്നു ഇന്ത്യൻ താരത്തിന്റെ സ്വർണ നേട്ടം. കടുത്ത പോരാട്ടം കണ്ട ആദ്യ സെറ്റ് 12-10 നു ജയിച്ച ഭവിന രണ്ടാം സെറ്റ് 11-2 നു അനായാസം നേടി. മൂന്നാം സെറ്റിൽ പോരാട്ടം കണ്ടെങ്കിലും 11-9 നു ജയിച്ച ഭവിന ഇന്നത്തെ ഇന്ത്യയുടെ നാലാം സ്വർണം സ്വന്തം പേരിലാക്കി.