പെനാൽട്ടി ഷൂട്ട് ഔട്ടിൽ കൊളംബിയയുടെ രക്ഷകനായി ഡേവിഡ് ഒസ്പീന, കൊളംബിയ കോപ സെമിയിൽ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

കോപ അമേരിക്ക ക്വാർട്ടർ ഫൈനലിൽ ഉറുഗ്വേയെ പെനാൽട്ടി ഷൂട്ട് ഔട്ടിൽ മറികടന്നു കൊളംബിയ സെമിഫൈനലിൽ. 90 മിനിറ്റിന് ശേഷം ഇരു ടീമുകൾക്കും ഗോൾ കണ്ടത്താൻ സാധിക്കാതിരുന്നപ്പോൾ മത്സരം പെനാൽട്ടി ഷൂട്ട് ഔട്ടിലേക്ക് നീളുക ആയിരുന്നു. ഷൂട്ട് ഔട്ടിൽ എണ്ണം പറഞ്ഞ രണ്ടു രക്ഷപ്പെടുത്തലുകൾ നടത്തിയ കൊളംബിയൻ ഗോൾ കീപ്പറും ക്യാപ്റ്റനും ആയ ഡേവിഡ് ഒസ്പീനയാണ് അവർക്ക് ജയം സമ്മാനിച്ചത്. സാക്ഷാൽ കാർലോസ് വാൾഡരമ്മയെ മറികടന്നു കൊളംബിയക്ക് ആയി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന താരമായി മാറിയ ഒസ്പീന അവരുടെ പെനാൽട്ടി ഷൂട്ട് ഔട്ട് നിർഭാഗ്യവും ഇന്ന് അവസാനിപ്പിച്ചു. ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനക്കാർ ആയി എത്തിയ ഉറുഗ്വേയെ ഗ്രൂപ്പ് ബിയിൽ മൂന്നാം സ്ഥാനക്കാർ ആയി എത്തിയ അത്ര മികച്ച ഫോമിൽ അല്ലായിരുന്ന കൊളംബിയ പിടിച്ചു കെട്ടുന്നത് ആണ് മത്സരത്തിൽ കണ്ടത്. ഒപ്പം മുഖ്യാതാരം കുഡ്രരാഡോ സസ്‌പെൻഷൻ കാരണം കളിക്കാത്തതും അവർക്ക് വിനയായി.

മത്സരത്തിൽ ഏതാണ്ട് ഇരു ടീമുകളും പന്ത് അടക്കത്തിലും ഉണ്ടാക്കിയ അവസരങ്ങളിലും എല്ലാം സമാനതകൾ പുലർത്തി. ലൂയിസ് സുവാരസിനോ, എഡിസൻ കവാനിക്കോ കൊളംബിയൻ പ്രതിരോധം ഭേദിക്കാൻ ആവാതിരുന്നപ്പോൾ മറുപുറത്ത് ഗോഡിന്റെ നേതൃത്വത്തിൽ ഉറുഗ്വേ പ്രതിരോധം മുരിയൽ, സപാറ്റ, ഡിയാസ് എന്നിവർക്ക് മുന്നിൽ മതിൽ കെട്ടി. ഇതോടെ ഇരു ടീമുകളും ഗോൾ അടിക്കാൻ 90 മിനിറ്റിൽ പരാജയപ്പെട്ടു. ഇതോടെയാണ് മത്സരം പെനാൽട്ടി ഷൂട്ട് ഔട്ടിലേക്ക് നീണ്ടത്. കൊളംബിയക്ക് ആയി പെനാൽട്ടി എടുത്ത സപാറ്റ, ഡേവിസൻ സാഞ്ചസ്, യൂരി മിന, ആഞ്ചൽ ബോർഹ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ഉറുഗ്വേക്ക് ആയി പെനാൽട്ടി എടുത്ത കവാനി, സുവാരസ് എന്നിവർ മാത്രമാണ് ലക്ഷ്യം കണ്ടത്. ഹിമനെസ്, നിക്കോളാസ് വിന എന്നിവരുടെ പെനാൽട്ടി അതുഗ്രൻ രക്ഷപ്പെടുത്തലിലൂടെ തടഞ്ഞ ഒസ്പീന കൊളംബിയക്ക് കോപ അമേരിക്ക സെമിഫൈനലിലേക്ക് യോഗ്യത നേടി കൊടുക്കുക ആയിരുന്നു. സെമിയിൽ അർജന്റീന, ഇക്വഡോർ മത്സരവിജയിയെ ആണ് കൊളംബിയ നേരിടുക.