ഒപ്പത്തിനൊപ്പം പൊരുതി, എല്ലാം നൽകി പോരാടി, എന്നിട്ടും ഒരു പോയിന്റ് വ്യത്യാസത്തിൽ തന്നെ ഇംഗ്ലണ്ടിലെ കിരീട പോരാട്ടം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആദ്യ രണ്ട് സ്ഥാനക്കാർ നേർക്കുനേർ വന്ന മത്സരം ആവേശകരമായ സമനിലയിൽ പിരിഞ്ഞു‌. ഇത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ച് മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും പരസ്പരം പോരടിച്ചപ്പോൾ നാലു ഗോളുകൾ പിറന്നു എങ്കിലും കളി 2-2 എന്ന സമനിലയിൽ പിരിഞ്ഞു.

ഇന്ന് ഇത്തിഹാദ് സ്റ്റേഡിയത്തിൽ മിന്നൽ വേഗതയിൽ ഉള്ള മത്സരമാണ് കണ്ടത്. വിജയിക്കണം എന്ന ലക്ഷ്യം മാത്രം മനസ്സിൽ വെച്ച് കൊണ്ട് കളിക്കുന്ന രണ്ടു ടീമുകൾ. ആദ്യ മിനുട്ടിൽ തന്നെ സ്റ്റെർലിംഗിന് ഒരു സുവർണ്ണാവസരം ലഭിച്ചു. പക്ഷെ അലിസണെ മറികടക്കാൻ സിറ്റി താരത്തിനായില്ല. എങ്കിലും അധിക സമയം എടുത്തില്ല സിറ്റി ആദ്യ ഗോൾ കണ്ടെത്താൻ. അഞ്ചാം മിനുട്ടിൽ ഡിബ്രുയിന്റെ ബോക്സിന് പുറത്ത് നിന്നുള്ള ഷോട്ട് വലിയ ഡിഫ്ലക്ഷനോട് വലയിലേക്ക് പതിച്ചു. സിറ്റി മുന്നിൽ.20220410 222444

13ആം മിനുട്ടിലേക്ക് ലിവർപൂളിന്റെ തിരിച്ചടി വന്നു. റോബേർട്സന്റെ ഒരു ക്രോസ് അലക്സാണ്ടർ അർനോൾഡിൽ എത്തുകയും അർനോൾഡ് അത് വൺ ടച്ച് പാസിലൂടെ ജോടയ്ക്ക് മറിച്ച് കൊടുക്കുകയും ചെയ്തു. പോർച്ചുഗീസ് താരം എഡേഴ്സ്ണെ കീഴ്പ്പെടുത്തി സമനില നേടി.

കളി വീണ്ടും രണ്ട് വശത്തേക്കും അറ്റാക്കുകൾ നിറഞ്ഞതായി. 36ആം മിനുട്ടിലാണ് സിറ്റി വീണ്ടും വല കണ്ടെത്തിയത്. കാൻസെലോയുടെ ഒരു പാസ് ബാക്ക് പോസ്റ്റിൽ ഓടിയെത്തിയ ഗബ്രിയേൽ ജീസുസിനെ കണ്ടെത്തുകയും താരം ഒറ്റടച്ചിൽ ഫിനിഷ് ചെയ്യുകയും ചെയ്തു. ജീസുസിന്റെ 2022ലെ ആദ്യ പ്രീമിയർ ലീഗ് ഗോൾ. സ്കോർ മാഞ്ചസ്റ്റർ സിറ്റി 2-1 ലിവർപൂൾ ‌

കളി രണ്ടാം പകുതി ആരംഭിച്ചപ്പോൾ ആണ് ലിവർപൂളിന്റെ മറുപടി വന്നത്. വലതു വിങ്ങിൽ പന്ത് സ്വീകരിച്ച് സലാ മുന്നോട്ട് നോക്കുമ്പോൾ പൊസിഷൻ തെറ്റി കിടക്കുന്ന വാൽക്കറിനെയും പന്തിനായി ഓടുന്ന മാനെയെയും കണ്ടു. സലായുടെ കിറുകൃത്യമായ പാസ് മാനെയുടെ ഒരു തെറ്റും പറയാൻ ആകാത്ത ഫിനിഷും. കലീ വീണ്ടും ഒപ്പത്തിനൊപ്പം. സ്കോർ 46ആം മിനുട്ടിൽ 2-2 എന്ന്.

63ആം മിനുട്ടിൽ സ്റ്റർലിംഗ് ഗോൾ അടിച്ചു എങ്കിലും വി എ ആർ ആ ഗോൾ ഓഫ്സൈഡ് എന്ന് വിധിച്ചു. ഇതിനു ശേഷവും ഇരു ടീമുകളും ആക്രമിച്ചു നോക്കി എ‌ങ്കിലും വിജയ ഗോൾ വന്നില്ല. 90ആം മിനുട്ടിലെ മഹ്റസിന്റെ ഫ്രീകിക്ക് പോസ്റ്റിൽ തട്ടിയാണ് പുറത്ത് പോയത്.

ഫൈനൽ വിസിൽ വന്നപ്പോൾ രണ്ട് ടീമുകളും കളി ആരംഭിച്ചപ്പോൾ ഉള്ളത് പോലെ 1 പോയിന്റിന്റെ മാത്രം വ്യത്യാസത്തിൽ നിൽക്കുന്നു. മാഞ്ചസ്റ്റർ സിറ്റിക്ക് 74 പോയിന്റും ലിവർപൂളിന് 73 പോയിന്റും ആണുള്ളത്. ഇനി 7 മത്സരങ്ങൾ മാത്രമെ ലീഗിൽ ബാക്കിയുള്ളൂ‌
.