ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തൽക്കാലമായെങ്കിൽ മാഞ്ചസ്റ്റർ സിറ്റി ഒന്നാമത്. ഇന്ന് എവേ മത്സരത്തിൽ കിംഗ് പവർ സ്റ്റേഡിയത്തിൽ വെച്ച് ലെസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തി ആണ് മാഞ്ചസ്റ്റർ സിറ്റി ഒന്നാമത് എത്തിയത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു സിറ്റിയുടെ വിജയം. എർലിങ് ഹാളണ്ട് ഇല്ലാത്ത മത്സരത്തിൽ കെവിൻ ഡി ബ്രുയിനെ ആണ് സിറ്റിയുടെ രക്ഷയ്ക്ക് എത്തിയത്.
ആദ്യ പകുതിയിൽ തന്നെ സിറ്റി നിരവധി അവസരങ്ങൾ സൃഷ്ടിച്ചിരുന്നു എങ്കിലും ഹാളണ്ട് ഇല്ലാത്തത് കൊണ്ട് അവസരങ്ങൾ ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. രണ്ടാം പകുതിയിൽ ഒരു ഫ്രീകിക്കിലൂടെയാണ് ഡിബ്രുയിൻ ലക്ഷ്യം കണ്ടത്. 49ആം മിനുട്ടിൽ കെ ഡി ബി എടുത്ത ഫ്രീകിക്ക് പോസ്റ്റിൽ തട്ടിയാണ് വലയ്ക്ക് അകത്തേക്ക് കയറിയത്.
ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റിക്ക് 12 മത്സരങ്ങളിൽ നിന്ന് 29 പോയിന്റായി. ഒരു മത്സരം കുറച്ച് കളിച്ച ആഴ്സണൽ 28 പോയിന്റുമായി രണ്ടാമത് ഉണ്ട്. ലെസ്റ്റർ സിറ്റി 11 പോയിന്റുമായി 17ആമത് നിൽക്കുകയാണ് ഇപ്പോൾ.