മലയാളി യുവതാരം ക്രിസ്റ്റി ഡേവിസ് എഫ് സി ഗോവ വിട്ടു

എഫ് സി ഗോവയുടെ നിരയിൽ ഉണ്ടായിരുന്ന മലയാളി താരം ക്രിസ്റ്റി ഡേവിസ് ക്ലബ് വിട്ടു. താരം ക്ലബ് വിട്ടതായി എഫ് സി ഗോവ ഇന്ന് അറിയിച്ചു. 2019 മുതൽ എഫ് സി ഗോവക്ക് ഒപ്പം ഉള്ള താരമാണ് ക്രിസ്റ്റി. കഴിഞ്ഞ ഡ്യൂറണ്ട് കപ്പിലെ ഗോവയുടെ ജൈത്രയാത്രയിൽ വലിയ പങ്കുവഹിക്കാൻ ക്രിസ്റ്റിക്ക് ആയിരുന്നു. താരം ഇനി ഏത് ക്ലബിലേക്ക് ആകും പോവുക എന്നത് വ്യക്തമല്ല.

മുമ്പ് സന്തോഷ് ട്രോഫിയിൽ കേരള ടീമിൽ ഉണ്ടായിരുന്ന താരമാണ് ക്രിസ്റ്റി ഡേവിസ്. ഫോർവേഡായ താരം രാജ്യത്തെ മികച്ച ക്ലബുകളിൽ ഒന്നിൽ അടുത്ത സീസണിൽ ഉണ്ടാകും എന്നാണ് സൂചനകൾ.
Img 20220601 123437
കേരളത്തിലെ മികച്ച യുവ ടാലന്റുകളിൽ ഒന്നായാണ് ക്രിസ്റ്റിയെ കണക്കാക്കുന്നത്. ചാലക്കുടി സ്വദേശിയായ ക്രിസ്റ്റി കേരള വർമ്മ കോളേജിനായി നടത്തിയ പ്രകടനങ്ങളിലൂടെയാണ് ഫുട്ബോൾ പ്രേമികളുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. 2019ലെ ഗോൾ ടൂർണമെന്റിൽ കേരള വർമ്മയ്ക്കായി കളിച്ച ക്രിസ്റ്റി ആ ടൂർണമെന്റിൽ ടോപ്പ് സ്കോററും മികച്ച താരവുമായിരുന്നു.

ഇത്തവണത്തെ കേരള പ്രീമിയർ ലീഗിൽ എഫ് സി കേരള ജേഴ്സിയിലും ക്രിസ്റ്റി ഉണ്ടായിരുന്നു. മുമ്പ് കോഴിക്കോട് യൂണിവേഴ്സിറ്റി ടീമിന്റെയും ഭാഗമായിട്ടുണ്ട് ഈ യുവതാരം. 21കാരനായ ക്രിസ്റ്റിയുടെ ദേശീയ തലത്തിലുള്ള ആദ്യ ക്ലബായിരുന്നു എഫ് സി ഗോവ.