ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യൻ ചെസിന്റെ ഭാവി സുരക്ഷിതമാണ് എന്ന വ്യക്തമായ ഉറപ്പ് ആയിരുന്നു യുവ താരങ്ങൾ അണിനിരന്ന ഇന്ത്യൻ ബി ടീം നേടിയ വെങ്കലം. അതിനു പുറമെ വ്യക്തിഗത സ്വർണവും ഇന്ത്യൻ യുവതാരങ്ങൾ സ്വന്തം പേരിലാക്കി. ഓപ്പൺ സെക്ഷനിൽ ഒന്നാം ബോർഡിൽ ആണ് 16 കാരനായ ഗുകേഷ് സ്വർണം നേടിയേതെങ്കിൽ രണ്ടാം ബോർഡിൽ 18 കാരനും മലയാളി താരവും ആയ നിഹാൽ സരിൻ സ്വർണം നേടി. ഒന്നാം ബോർഡിൽ 9/11 എന്ന റെക്കോർഡ് കുറിച്ച ഗുകേഷ് 2867 എന്ന റേറ്റിങ് ആണ് നേടിയത്.
ലോക അഞ്ചാം നമ്പറിനെ അടക്കം തോൽപ്പിച്ച ഗുകേഷ് എതിരാളികൾക്ക് മേൽ സമ്മർദ്ദം നൽകി ആധികാരിക പ്രകടനം ആയിരുന്നു നടത്തിയത്. 8 മത്സരങ്ങൾ തുടർച്ചയായി ജയിച്ച ഗുകേഷ് റാപ്പിഡ് ചെസ് ലോക ചാമ്പ്യൻ ഉസ്ബെകിസ്ഥാന്റെ നോഡിർബക് അബ്ദുസാറ്റോറോവിനു മുന്നിൽ ആണ് ആദ്യമായി തോറ്റത്. ഈ ജയം ആണ് ഉസ്ബെകിസ്ഥാന്റെ സ്വർണ നേട്ടത്തിൽ പ്രധാനം ആയത്. അതേസമയം രണ്ടാം ബോർഡിൽ 2774 റേറ്റിങ് നേടിയ നിഹാൽ സരിനും അവിസ്മരണീയ പ്രകടനം ആണ് പുറത്ത് എടുത്തത്. ഗുകേഷിനും നിഹാലിനും ഒപ്പം ആർ. പ്രഗ്‌നനന്ദയും അടങ്ങുന്ന ഇന്ത്യൻ ടീം ഭാവിയിൽ വലിയ പ്രതീക്ഷ തന്നെയാണ് നൽകുന്നത്.