ഇപ്പോൾ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച പരിശീലകൻ ആരാണെന്ന് ചോദിച്ചാൽ പെപ് ഗ്വാർഡിയോളക്കും ക്ലോപ്പിനും മുകളിൽ ടൂഷലിന്റെ പേരാകും കേൾക്കുക. ലമ്പാർഡിന്റെ ദുരിത കാലത്തു നിന്നു ചെൽസിയെ കൈ പിടിച്ച് ഉയർത്തിയ ജർമ്മൻ പരിശീലകൻ ടൂഷൽ ചെറിയ അത്ഭുതം ഒന്നും അല്ല ലണ്ടണിലെ ഏറ്റവും വലിയ ക്ലബിൽ കാണിക്കുന്നത്. ടോപ് 4 എന്ന പ്രതീക്ഷ കൈവിട്ട് നിൽക്കുന്ന സ്ഥലത്ത് നിന്നായിരുന്നു ടൂഷൽ കഴിഞ്ഞ സീസണിൽ ചെൽസിയെ ഏറ്റെടുക്കുന്നത്. അവിടെ നിന്ന് ചെൽസിക്ക് ടോപ് 4ഉം ഒപ്പം പോർട്ടോയിൽ വെച്ച് ചാമ്പ്യൻസ് ലീഗ് കിരീടവും നേടിക്കൊടുത്താണ് സീസൺ അവസാനിപ്പിച്ചത്.
അന്ന് ചാമ്പ്യൻസ് ലീഗ് കിരീടം അടിവര ഇട്ടത് ടൂഷലിന്റെ തന്ത്രങ്ങളുടെ മികവിനായിരുന്നു. ഈ സീസൺ തുടക്കം ആ മികവിന്റെ തുടർച്ചയാണ്. ഈ ആദ്യ രണ്ടു മാസങ്ങൾ കൊണ്ട് യൂറോപ്പിലെ തന്നെ ഇപ്പോഴത്തെ ഏറ്റവും മികച്ച ക്ലബ് തങ്ങളാണെന്ന് എല്ലാവരെയും കൊണ്ട് പറയിപ്പിക്കാൻ അദ്ദേഹത്തിനാവുന്നുണ്ട്. ലീഗിൽ അഞ്ചു മത്സരങ്ങൾ കഴിഞ്ഞപ്പോൾ 13 പോയിന്റുമായി ഒന്നാം സ്ഥാനത്ത്. വഴങ്ങിയത് ഏക ഗോൾ. അതും പത്തുപേരുമായി ലിവർപൂളിനെതിരെ കളിക്കേണ്ടി വന്ന മത്സരത്തിൽ.
ചെൽസിയെ ഇതുവരെ 38 മത്സരങ്ങളിൽ പരിശീലിപ്പിച്ച ടൂഷൽ 24 ക്ലീൻ ഷീറ്റ് സ്വന്തമാക്കി. ആകെ വഴങ്ങിയത് 19 ഗോളുകളാണ്. ഈ ഫോം തുടരുകയാണെങ്കിൽ ചെൽസിയുടെ ഈ സീസൺ അവസനിക്കുമ്പോൾ പണ്ട് ജോസെ മൗറീനോക്ക് കീഴിൽ ചെൽസി കുറിച്ച ലീഗിലെ ഏറ്റവും മികച്ച ഡിഫൻസീവ് റെക്കോർഡ് വരെ പഴങ്കഥ ആകും. എതിരാളികൾക്ക് ഒരു സ്പെയ്സും സമയവും കൊടുക്കാത്ത ടുഷലിന്റെ പ്രസിംഗ് ഫുട്ബോളിനെ മറികടക്കാൻ ആർക്കും കഴിയാത്തതിന് കാരണം അദ്ദേഹത്തിന്റെ വിജയത്തിനായി എന്തു മാറ്റങ്ങളും വരുത്താനുള്ള ധൈര്യം കൂടിയാണ്.
കഴിഞ്ഞ സ്പർസിന് എതിരായ മത്സരത്തിൽ കാന്റെയെ സബ്ബായി എത്തിച്ച് കളി മാറ്റിയത് ഇതിന് വലിയ ഉദാഹരണമാണ്. ചെൽസിയുടെ ലോക നിലവാരമുള്ള സ്ക്വാഡും ടൂഷലും ഒന്നിക്കുമ്പോൾ ഈ ആധിപത്യം ഉണ്ടാകും എന്ന പ്രവചനം ഫുട്ബോൾ ലോകത്ത് നേരത്തെ തന്നെ വന്നിരുന്നതാണ്. ഈ സീസൺ കഴിയുമ്പോൾ ചെൽസി എത്ര കിരീടങ്ങൾ നേടും എന്ന ചോദ്യം മാത്രമെ ഇപ്പോൾ ഫുട്ബോൾ ലോകത്ത് ഉള്ളൂ