കൊറോണക്കെതിരെ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് സ്റ്റാംഫോർഡ് ബ്രിഡ്ജിലെ ഹോട്ടൽ മുഴുവൻ വിട്ടുനൽകി ചെൽസി ഉടമ അബ്രമോവിച്ച്. 231 മുറികൾ ഉള്ള മില്ലേനിയം ഹോട്ടൽ ആണ് ഇംഗ്ലണ്ടിലെ നാഷണൽ ഹെൽത്ത് സർവീസിന്റെ ഭാഗമായുള്ള ആരോഗ്യ പ്രവർത്തകർക്ക് ചെൽസി വിട്ടുനൽകിയത്.
കൂടുതൽ സമയം പണിയെടുക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് തങ്ങളുടെ വീടുകളിൽ പോയി തിരിച്ചുവരാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് ചെൽസിയും അബ്രമോവിച്ചും ഇങ്ങനെ ഒരു തീരുമാനം എടുത്തത്. നിലവിൽ രണ്ട് മാസത്തേക്കാണ് ഹോട്ടൽ ചെൽസി വിട്ടുകൊടുത്തത്. രണ്ട് മാസം കഴിഞ്ഞുള്ള സാഹചര്യം അനുസരിച്ച് വേണമെങ്കിൽ നീട്ടികൊടുക്കാമെന്നും ചെൽസി വ്യക്തമാക്കിയിട്ടുണ്ട്.
2018 മുതൽ വിസ പ്രശ്നങ്ങളെ തുടർന്ന് ചെൽസി ഉടമ റോമൻ അബ്രമോവിച്ചിന് ഇംഗ്ലണ്ടിൽ പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ല. 2003ലാണ് പ്രീമിയർ ലീഗ് ക്ലബായ ചെൽസിയെ റോമൻ അബ്രമോവിച്ച് സ്വന്തമാക്കിയത്.