പ്രീമിയർ ലീഗിലെ ആവേശ പോരാട്ടത്തിൽ സൗതാമ്പ്ടണെതിരെ ചെൽസിക്ക് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ചെൽസി സൗതാമ്പ്ടണെ പരാജയപ്പെടുത്തിയത്. സൗതാമ്പ്ടൺ താരം വാർഡ് പ്രൗസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ 10 പേരുമയുമാണ് സൗതാമ്പ്ടൺ കളി അവസാനിപ്പിച്ചത്. സ്വന്തം ഗ്രൗണ്ടിൽ തുടക്കം മുതൽ ചെൽസി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. തുടർന്ന് ഒൻപതാം മിനുറ്റിൽ ചലോബയുടെ ഗോളിൽ ചെൽസി മുൻപിലെത്തുകയും ചെയ്തു. തുടർന്നും മികച്ച പ്രകടനം പുറത്തെടുത്ത ചെൽസി വെർണറിലൂടെയും ലുകാകുവിലൂടെയും സൗതാമ്പ്ടൺ വല കുലുക്കിയെങ്കിലും രണ്ട് ഗോളും വാർ ഗോൾ നിഷേധിക്കുകയായിരുന്നു.
തുടർന്ന് മത്സരത്തിന്റെ രണ്ടാം പകുതിയിൽ സൗതാമ്പ്ടൺ മത്സരത്തിൽ പെനാൽറ്റിയിലൂടെ സമനില പിടിക്കുകയും ചെയ്തു. സൗതാമ്പ്ടൺ താരം ലിവ്രമെന്റോയോ ചെൽസി പ്രതിരോധ താരം ചിൽവെൽ ഫൗൾ ചെയ്തതിന് റഫറി സൗതാമ്പ്ടണ് അനുകൂലമായി പെനാൽറ്റി വിളിക്കുകയായിരുന്നു. തുടർന്ന് പെനാൽറ്റി എടുത്ത വാർഡ് പ്രൗസ് സൗതാമ്പ്ടണ് സമനില നേടികൊടുക്കുകയായിരുന്നു. എന്നാൽ മത്സരത്തിൽ 77ആം മിനുറ്റിൽ ഗോൾ നേടിയ വാർഡ് പ്രൗസ് ചുവപ്പ് കാർഡ് കണ്ടതോടെ മത്സരം ചെൽസിക്ക് അനുകൂലമാവുകയായിരുന്നു. തുടർന്ന് ടിമോ വെർണറിലൂടെ ലീഡ് നേടിയ ചെൽസി അധികം താമസിയാതെ ചിൽവെല്ലിലൂടെ മൂന്നാമത്തെ ഗോളും നേടി ജയം ഉറപ്പിക്കുകയായിരുന്നു. ജയത്തോടെ ചെൽസി പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തെത്തി.