ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനം ആർക്കും വിട്ടു കൊടുക്കാതെ മുന്നേറുക ആണ് ആഴ്സണൽ. അവർ ഇന്ന് ചെൽസിയുടെ ഗ്രൗണ്ടിൽ ചെന്ന് മറുപടിയില്ലാത്ത ഒരു ഗോളിന് വിജയിക്കാൻ അർട്ടേറ്റയുടെ ടീമിനായി.
ലണ്ടൺ ഡാർബിയിൽ ഇന്ന് ആവേശകരമായ പോരാട്ടം ആണ് പ്രതീക്ഷിച്ചത് എങ്കിലും സ്റ്റാംഫോ ബ്രിഡ്ജിൽ ഇരു ടീമുകളും പതിയെ ആണ് തുടങ്ങിയത്. ആഴ്സണൽ കൂടുതൽ പന്ത് കൈവശം വെച്ചു എങ്കിലും അവർക്കും കാര്യമായ നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ ആയില്ല. ഹോം ടീമായിട്ടും ചെൽസിക്കും ഇന്ന് താളം കണ്ടെത്താൻ ആയില്ല. കളിക്ക് മുമ്പ് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്ന ഒബാമയങ്ങിനെ ഇന്ന് ആദ്യ പകുതിയിൽ കാണാൻ പോലും ആയില്ല. ആദ്യ പകുതിയിൽ ഒരു ഷോട്ട് ടാർഗറ്റിലേക്ക് തൊടുക്കാൻ പോലും ഇരുടീമുകളും കഷ്ടപ്പെട്ടു.
രണ്ടാം പകുതിയിലും ആഴ്സണൽ തന്നെ കളി നിയന്ത്രിച്ചു. 62ആം മിനുട്ടിൽ ജീസുസിന്റെ ഒരു ഷോട്ട് തടഞ്ഞ് മെൻഡി ഒരു കോർണർ വഴങ്ങി. സാക എടുത്ത ആ കോർണർ ഗബ്രിയേലിന്റെ ഒരു ടച്ചിൽ വലയിലെത്തി. ഗബ്രിയേൽ ടച്ച് ചെയ്തില്ലായിരുന്നു എങ്കിലും ആ പന്ത് വലയിൽ എത്തിയേനെ. ആഴ്സണൽ അർഹിച്ച ഗോളായിരുന്നു അത്. സ്കോർ 1-0.
ഇതിനു ശേഷം ചെൽസി മാറ്റങ്ങൾ വരുത്തി നോക്കി എങ്കിലും ഫലം ഒന്നും ഉണ്ടായില്ല.
ഈ വിജയത്തോടെ ആഴ്സണൽ 13 മത്സരങ്ങളിൽ നിന്ന് 34 പോയിന്റുമായി ലീഗിൽ ഒന്നാമത് എത്തി. ചെൽസിക്ക് ഇത് ലീഗിലെ തുടർച്ചയായ രണ്ടാം പരാജയമാണ്. അവർ 21 പോയിന്റുമായി ഏഴാം സ്ഥാനത്ത് നിൽക്കുന്നു.