ഷാക്കിബിന്റെ പുറത്താകൽ അല്ല തോൽവിയ്ക്ക് കാരണം – നജ്മുള്‍ ഹൊസൈന്‍ ഷാന്റോ

ഷാക്കിബ് അൽ ഹസന്‍ പുറത്തായ സംശയകരമായ രീതിയല്ല ബംഗ്ലാദേശിന്റെ തോൽവിയ്ക്ക് കാരണമെന്നും ടീമിന്റെ ബാറ്റിംഗ് പരാജയപ്പെട്ടതാണ് പാക്കിസ്ഥാനെ പരാജയപ്പെടുത്തി സെമിയിൽ കടക്കുവാന്‍ ടീമിന് സാധിക്കാതെ വന്നതിന് കാരണം എന്നും പറഞ്ഞ് നജ്മുള്‍ ഹൊസൈന്‍ ഷാന്റോ.

ദക്ഷിണാഫ്രിക്കയെ നെതര്‍ലാണ്ട്സ് പരാജയപ്പെടുത്തിയതോടെ പാക്കിസ്ഥാന്‍ – ബംഗ്ലാദേശ് മത്സരത്തിലെ വിജയികള്‍ സെമിയിൽ കടക്കുമെന്ന നിലയിലായിരുന്നു കാര്യങ്ങള്‍. 73/1 എന്ന നിലയിൽ ബംഗ്ലാദേശ് മികച്ച നിലയിലേക്ക് എത്തിയ ശേഷമാണ് സൗമ്യ സര്‍ക്കാരിനെയും ഷാക്കിബ് അൽ ഹസനെയും ടീമിന് നഷ്ടമായത്.

ഷദബ് ഖാന്‍ സൗമ്യ സര്‍ക്കാരിനെയും ഷാക്കിബ് അൽ ഹസനെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയപ്പോള്‍ ഷാക്കിബിന്റെ എൽബിഡബ്ല്യു പുറത്താകൽ സംശയാസ്പദകരമായിരുന്നു. പന്ത് ബാറ്റിൽ കൊണ്ടുവെന്നോ അതോ ബാറ്റ് ഗ്രൗണ്ടിൽ തട്ടിയതിന്റെ സ്പൈക്കാണ് സ്നിക്കോമീറ്ററിൽ വന്നതെന്ന് നിര്‍ണ്ണയിക്കുവാന്‍ പ്രയാസമുണ്ടായിരുന്നുവെങ്കിലും തേര്‍ഡ് അമ്പയര്‍ താരത്തെ ഔട്ട് വിധിക്കുകയായിരുന്നു.

എന്നാൽ ഇത് അല്ല ടീമിന്റെ തോൽവിയ്ക്ക് കാരണം എന്നും ബാറ്റിംഗ് നിരയുടെ പരാജയം ആണ് ടീമിന് തിരിച്ചടിയായതെന്നും നജ്മുള്‍ വ്യക്തമാക്കി.