ചഹാലിന്റെ മാജിക് സ്ട്രോക്ക്, ഒരോവറില്‍ തന്നെ മാര്‍ഷിനെയും ഖവാജയെയും വീഴ്ത്തി, ഓസ്ട്രേലിയ 230 റണ്‍സിനു പുറത്ത്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയ്ക്കെതിരെ നിര്‍ണ്ണായകമായ മൂന്നാം ഏകദിനത്തില്‍ 230 റണ്‍സ് മാത്രം നേടി ഓസ്ട്രേലിയ. പരമ്പരയില്‍ ആദ്യമായി കളിയ്ക്കാനെത്തിയ യൂസുവേന്ദ്ര ചഹാലിന്റെ ബൗളിംഗിനു മുന്നിലാണ് ഓസ്ട്രേലിയ വട്ടം കറങ്ങിയത്. ആറ് വിക്കറ്റ് നേടിയ ചഹാല്‍ ക്രീസില്‍ നിലയുറപ്പിച്ച് മുന്നേറുകയായിരുന്നു ഷോണ്‍ മാര്‍ഷിനെയും ഉസ്മാന്‍ ഖവാജയെയും നാല് പന്തുകള്‍ക്കിടെ വീഴ്ത്തിയാണ് ചഹാല്‍ ഓസ്ട്രേലിയയ്ക്ക് പ്രഹരമേല്പിച്ച് തുടങ്ങിയത്. 100/2 എന്ന നിലയില്‍ നിന്ന് 101/4 എന്ന നിലയിലേക്ക് വീണ ഓസ്ട്രേലിയ പിന്നീട് കരകയറാനാകാതെ ബുദ്ധിമുട്ടി.

പിന്നീട് പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിന്റെ മികവില്‍ 200 കടന്നുവെങ്കിലും 48.4 ഓവറില്‍ ടീം 230 റണ്‍സിനു ഓള്‍ഔട്ട് ആയി. ചഹാല്‍ നല്‍കിയ പ്രഹരങ്ങളില്‍ ആടിയുലഞ്ഞ ഓസ്ട്രേലിയന്‍ ഇന്നിംഗ്സിന്റെ ഒഴുക്ക് നഷ്ടപ്പെടുകയായിരുന്നു. ഏഴാം വിക്കറ്റില്‍ 45 റണ്‍സ് നേടിയ പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്-ജൈ റിച്ചാര്‍ഡ്സണ്‍ കൂട്ടുകെട്ടാണ് ടീമിനു 200 കടക്കുവാന്‍ സഹായിച്ചത്. 16 റണ്‍സ് നേടിയ ജൈ റിച്ചാര്‍ഡ്സണെയും പുറത്താക്കിയത് ചഹാലായിരുന്നു. 58 റണ്‍സ് നേടിയ ഹാന്‍ഡ്സ്കോമ്പിനെയും ചഹാലാണ് പുറത്താക്കിയത്.

മൂന്നാം വിക്കറ്റില്‍ 73 റണ്‍സ് നേടിയ ശേഷമാണ് മാര്‍ഷും ഖവാജയും മടങ്ങിയത്. മാര്‍ഷ് 39 റണ്‍സ് നേടിയപ്പോള്‍ ഉസ്മാന്‍ ഖവാജ 34 റണ്‍സാണ് നേടിയത്. പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിന്റെ ഇന്നിംഗ്സ് ആണ് വന്‍ തകര്‍ച്ചയില്‍ നിന്ന് ഓസ്ട്രേലിയയെ രക്ഷിച്ചത്. ഗ്ലെന്‍ മാക്സ്വെല്‍ 19 പന്തില്‍ 26 റണ്‍സ് നേടിയെങ്കിലും അധിക സമയം ക്രീസില്‍ നില്‍ക്കാനാകാതെ താരം മടങ്ങുകയായിരുന്നു.

ചഹാല്‍ പത്തോവറില്‍ നിന്ന് 42 റണ്‍സ് വിട്ടു നല്‍കി 6 വിക്കറ്റ് നേടിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.