വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെ ഉജ്ജ്വല പ്രകടനത്തോടെ ടെസ്റ്റ് റാങ്കിങ്ങിൽ കുതിപ്പ് നടത്തി ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ. ഐ.സി.സി. പുറത്തുവിട്ട പുതിയ റാങ്കിങ് പ്രകാരം ബുംറ ടെസ്റ്റ് റാങ്കിങ്ങിൽ ഇപ്പോൾ മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ റാങ്കിങ്ങിന്റെ സമയത്ത് ബുംറ ഏഴാം സ്ഥാനത്തായിരുന്നു. ആദ്യമായിട്ടാണ് ബുംറ ടെസ്റ്റിൽ മൂന്നാം റാങ്കിൽ എത്തുന്നത്.
വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ 13 വിക്കറ്റ് സ്വന്തമാക്കിയ ബുംറ മാൻ ഓഫ് ദി സീരീസ് പുരസ്കാരവും സ്വന്തമാക്കിയിരുന്നു. ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ 7 റൺസിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയതും രണ്ടാം ടെസ്റ്റിൽ ഹാട്രിക് നേടിയതും ബുംറക്ക് റാങ്കിങ്ങിൽ തുണയാവുകയായിരുന്നു. നിലവിൽ ബൗളർമാരുടെ റാങ്കിങ്ങിൽ ഓസ്‌ട്രേലിയൻ താരം പാറ്റ് കമ്മിൻസ് ആണ് ഒന്നാം സ്ഥാനത്ത്. ബുംറക്ക് മുന്നിൽ രണ്ടാം സ്ഥാനത്ത് സൗത്ത് ആഫ്രിക്കൻ ഫാസ്റ്റ് ബൗളർ കാഗിസോ റബാഡയുമുണ്ട്.
നേരത്തെ ആദ്യ ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 50 ടെസ്റ്റ് വിക്കറ്റ് തികകുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡും ബുംറക്ക് ലഭിച്ചിരുന്നു. കൂടാതെ ഹർഭജൻ സിങ്ങിനും ഇർഫാൻ പത്താനും പിറകിൽ ഹാട്രിക് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരം കൂടിയാണ് ബുംറ.