2022 ലെ ഖത്തർ ലോകകപ്പിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. 26 അംഗ ടീമിനെ ആണ് ബ്രസീൽ പ്രഖ്യാപിച്ചത്. പ്രമുഖ പേരുകൾക്ക് ഒപ്പം സീസണിൽ അതുഗ്രൻ ഫോമിൽ കളിക്കുന്ന യുവ ആഴ്‌സണൽ താരം ഗബ്രിയേൽ മാർട്ടിനെല്ലിയെയും ബ്രസീൽ ടീമിൽ ഉൾപ്പെടുത്തി. ലിവർപൂളിന്റെ ആലിസൺ, മാഞ്ചസ്റ്റർ സിറ്റിയുടെ എഡേർസൺ എന്നിവർക്ക് ഒപ്പം പാൽമിറാസിന്റെ വെവർട്ടനും ഗോൾ കീപ്പർ ആയി ടീമിൽ സ്ഥാനം പിടിച്ചു. പ്രതിരോധത്തിൽ പരിചയ സമ്പത്തിനു ഒപ്പം യുവത്വവും ടിറ്റെ പരിഗണിച്ചിട്ടുണ്ട്.
ചെൽസിയുടെ തിയോഗ സിൽവ, പി.എസ്.ജിയുടെ മാർക്വീനോസ്, യുവന്റസിന്റെ ബ്രമർ, അലക്‌സ് സാണ്ട്രോ, ഡാനിലോ റയൽ മാഡ്രിഡിന്റെ മിലിറ്റാവോ,സെവിയ്യയുടെ അലക്‌സ് ടെല്ലസ് എന്നിവർക്ക് ഒപ്പം ഈ പ്രായത്തിലും പുമാസിൽ കളിക്കുന്ന ഡാനി ആൽവസും ടീമിൽ സ്ഥാനം നേടി. അതേസമയം ആഴ്‌സണലിന്റെ ഗബ്രിയേലിന് ടീമിൽ സ്ഥാനം നേടാൻ ആയില്ല. മധ്യനിരയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ ആയ കാസ്മിരോ, ഫ്രഡ് ലിവർപൂളിന്റെ ഫബീന്യോ, വെസ്റ്റ് ഹാമിന്റെ ലൂകാസ് പക്വറ്റ,ഫ്ലാമങ്കോയുടെ റിബേയിറോ എന്നിവർക്ക് ഒപ്പം പ്രതീക്ഷിച്ച പോലെ ന്യൂകാസ്റ്റിലിൽ അത്ഭുതം കാണിക്കുന്ന ബ്രൂണോ ഗുയിമാരഷും ടീമിൽ ഇടം പിടിച്ചു. അതേസമയം മിന്നും ഫോമിലുള്ള ന്യൂകാസ്റ്റിൽ താരം ജോലിന്റൺ ടീമിൽ ഇടം പിടിച്ചില്ല.
മുന്നേറ്റത്തിൽ പി.എസ്.ജിയിൽ മിന്നി തിളങ്ങുന്ന നെയ്മറിന് ഒപ്പം റയൽ മാഡ്രിഡിൽ തിളങ്ങുന്ന വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ എന്നിവർ അനായാസം ടീമിൽ എത്തി. ബാഴ്‌സലോണയിൽ മോശം ഫോമിൽ ആണെങ്കിലും റഫീന്യോയും പരിക്ക് വലക്കുന്നു എങ്കിലും ടോട്ടനം താരം റിച്ചാർലിസണും ടീമിൽ ഇടം കണ്ടത്തി. ഫ്ലാമങ്കോയുടെ പെഡ്രോക്ക് ഒപ്പം മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ആന്റണിയും ടീമിൽ ഇടം കണ്ടത്തി. ആഴ്‌സണൽ താരം ഗബ്രിയേൽ ജീസുസിന് ഒപ്പം യുവതാരം ഗബ്രിയേൽ മാർട്ടിനെല്ലിയെ ടീമിൽ ഉൾപ്പെടുത്തിയത് അപ്രതീക്ഷിതമായി. നേരത്തെ മാർട്ടിനെല്ലി ടീമിൽ എത്തില്ല എന്നു വാർത്തകൾ വന്നിരുന്നു. മുന്നേറ്റത്തിൽ പരിചയസമ്പന്നനായ ലിവർപൂൾ താരം ഫിർമീന്യോയെ ടീമിൽ ഉൾപ്പെടുത്തിയില്ല. പരിക്ക് ഏറ്റ കൗടീന്യോയും ടീമിൽ ഇടം പിടിച്ചില്ല. ലോകകപ്പ് നേടാൻ പോന്ന ടീമിനെ തന്നെയാണ് ബ്രസീൽ ഖത്തറിലേക്ക് അയക്കുന്നത്.