കഴിഞ്ഞ വിംബിൾഡൺ തുടക്ക സമായത്തെക്കാൾ ഈ ചോദ്യം കുറച്ച് കൂടി ആത്മവിശ്വാസത്തോടെ ചോദിച്ചു തുടങ്ങിയിട്ടുണ്ട് ടെന്നീസ് ആരാധകർ. അതിനു പ്രധാനകാരണം ഹാർഡ് കോർട്ടിൽ സിൻസിനാറ്റി മാസ്റ്റേഴ്സിൽ അടക്കം യുവതാരങ്ങൾ നേടിയ ജയമാണ്. സിൻസിനാറ്റിയിൽ ഫൈനലിൽ എത്താൻ ബിഗ് 3 ഇല്ലാതിരുന്നത് തന്നെ ഇതിനു സൂചനയായി പലരും കാണുന്നു. എന്നാൽ ഗ്രാന്റ് സ്‌ലാമിൽ ഫെഡറർ, ദ്യോക്കോവിച്ച്, നദാൽ ത്രിമൂർത്തികളെ മറികടന്നു കിരീടം നേടുക എന്നത് എത്രത്തോളം പ്രയാസമുള്ള കാര്യമാണെന്ന് ടെന്നീസ് ലോകത്ത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. പ്രത്യേകിച്ച് കഴിഞ്ഞ 11 ഗ്രാൻറ്സ്‌ലാമുകൾ തങ്ങൾക്കിടയിൽ പങ്ക് വച്ച മൂന്നു പേരും ഏതാണ്ട് 3 വർഷമായി പുറത്ത് നിന്ന് ഒരുതാരം ഗ്രാന്റ് സ്‌ലാം ജയിക്കാൻ അനുവദിച്ചിട്ടില്ല എന്നു കൂടി അറിയുമ്പോൾ യുവതാരങ്ങൾക്ക് മുന്നിലുള്ള കടമ്പ എത്രത്തോളം വലുതാണെന്ന് അറിയാൻ സാധിക്കും. നാളെ തുടങ്ങുന്ന വർഷത്തിലെ ഏറ്റവും അവസാനത്തെ ഗ്രാന്റ് സ്‌ലാമിൽ പതിവ് കാഴ്ചകൾ ആകുമോ അല്ല പുതിയ ചാമ്പ്യൻ ഉദയം ചെയ്യുമോ എന്നു കാത്തിരുന്നു കാണാം.
ഒന്നാം സീഡും ലോകഒന്നാം നമ്പറുമായ നൊവാക് ദ്യോക്കോവിച്ചിനെ സംബന്ധിച്ച് ലഭിച്ച ക്വാട്ടർ അത്ര വെല്ലുവിളി നിറഞ്ഞതല്ല. സെമിഫൈനൽ പ്രേവേശനം ദ്യോക്കോവിച്ചിന് ഉറപ്പ് നൽകുമ്പോഴും ഈ കഴിഞ്ഞ സിൻസിനാറ്റി മാസ്റ്റേഴ്സിൽ ദ്യോക്കോവിച്ചിനെ അട്ടിമറിച്ച റഷ്യൻ യുവതാരവും ലോക അഞ്ചാം നമ്പർ താരവുമായ ഡാനിൽ മെദ്വദേവിനെ ക്വാട്ടർ ഫൈനലിൽ നേരിട്ടേക്കാം എന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. എന്നാൽ ഹാർഡ് കോർട്ടിൽ ലോകത്തിലെ ഏറ്റവും മികച്ച താരമായ ദ്യോക്കോവിച്ച് ഈ വെല്ലുവിളി അനായാസം മറികടക്കാൻ ആണ് സാധ്യത. ഒന്നാം റൗണ്ടിൽ 76 റാങ്കുകാരൻ ആയ റോബർട്ടോ കാർബലേസ് ആണ് നൊവാക്കിന്റെ എതിരാളി. രണ്ടാം റൗണ്ടിൽ മുമ്പ് 2016 വിംബിൾഡനിൽ നൊവാക്കിനെ അട്ടിമറിച്ച അമേരിക്കൻ താരം സാം ക്യൂറെയും നാലാം റൗണ്ടിൽ 2016 യു.എസ് ഓപ്പൺ ഫൈനലിൽ നൊവാക്കിനെ തോൽപ്പിച്ച സ്റ്റാൻ വാവറിങ്കയും നൊവാക്കിനു എതിരാളികൾ ആയേക്കും. എന്നാൽ ഇപ്പോൾ പ്രായവും പരിക്കും അലട്ടുന്ന വാവറിങ്കയൊന്നും നൊവാക്കിന് വലിയ വെല്ലുവിളി ആവില്ല. ആദ്യ റൗണ്ടിൽ 89 റാങ്കുകാരൻ ആയ പ്രണേഷ് ഗുണഷേരനെ നേരിടുന്ന മെദ്വദേവിനു ക്വാട്ടർ ഫൈനലിൽ കടക്കാൻ മുമ്പിലുള്ള പ്രധാനവെല്ലുവിളി ഇറ്റാലിയൻ താരം ഫാബിയോ ഫോഗ്നിനിയാവും. എന്നാൽ മെദ്വദേവ് ദ്യോക്കോവിച്ച് ക്വാട്ടർ ഫൈനലിന് തന്നെയാണ് സാധ്യത കൂടുതൽ. സെമിഫൈനലിൽ റോജർ ഫെഡറർ ആയേക്കും ദ്യോക്കോവിച്ചിന്റെ എതിരാളി.
2008 നു ശേഷം യു.എസ് ഓപ്പൺ ജയിച്ചിട്ടില്ലാത്ത കഴിഞ്ഞ രണ്ട് പ്രാവശ്യവും നാലാം റൗണ്ടിൽ പുറത്തായ മൂന്നാം സീഡ് റോജർ ഫെഡറർക്ക് വിംബിൾഡനിലെ ദുസ്വപ്നത്തിൽ നിന്ന് കരകയറേണ്ടതുണ്ട്. ഫൈനലിൽ ദ്യോക്കോവിച്ചിന് മുന്നിൽ 2 ചാമ്പ്യൻഷിപ്പ് പോയിന്റുകൾ കൈവിട്ടു തോറ്റ ഫെഡറർക്ക് യു.എസ് ഓപ്പണിൽ തിരിച്ചുവരേണ്ടതുണ്ട്. യുവ ഇന്ത്യൻ താരമാണ് ഫെഡററുടെ ആദ്യ റൗണ്ടിലെ എതിരാളി. ആദ്യ റൗണ്ടുകളിൽ ഫെഡറർക്കു വലിയ വെല്ലുവിളികൾ ഉണ്ടാകാൻ ഇടയില്ല. എന്നാൽ നാലാം റൗണ്ടിൽ അനുഭവസമ്പന്നനായ ഡേവിഡ് ഗോഫിൻ ആവും ഫെഡറർക്കു എതിരാളി. മികച്ച ഫോമിൽ ആണ് ഗോഫിൻ എന്നാൽ എന്നും ഗോഫിന് എതിരെ മികച്ച പ്രകടനം പുറത്തെടുക്കുന്ന ഫെഡറർക്ക് ഗോഫിൻ വലിയ വെല്ലുവിളി ആവില്ലെന്ന് കരുതാം. എന്നാൽ ക്വാട്ടറിൽ കെയ് നിഷികോരി ഫെഡറർക്ക് കനത്ത വെല്ലുവിളി ഉയർത്തിയേക്കും. ഈ വിംബിൾഡനിൽ നിഷിക്കോരിക്കു മേൽ ഫെഡറർ ജയം കണ്ടിരുന്നു. ഇതൊക്കെ അതിജീവിച്ചാൽ സെമിഫൈനലിൽ നൊവാക് ദ്യോക്കോവിച്ച് ആവും ഫെഡററെ കാത്തിരിക്കുക.
രണ്ടാം സീഡ് റാഫേൽ നദാലിനെ സംബന്ധിച്ചിടത്തോളം ടൂർണമെന്റിൽ ഉടനീളം ശാരീരികക്ഷമത നിലനിർത്തുക എന്നത് തന്നെയാവും വലിയ വെല്ലുവിളി. സിൻസിനാറ്റി മാസ്റ്റേഴ്സിൽ അടക്കം വിശ്രമം എടുത്ത നദാലിന് ഹാർഡ് കോർട്ടിൽ തന്റെ മികവ് തുടരാൻ ആവുമോ എന്നത് കണ്ടറിയണം. കഴിഞ്ഞ വർഷം ഫെഡററെ യു.എസ് ഓപ്പണിൽ അട്ടിമറിച്ച ജോൺ മിൽമാൻ ആണ് നദാലിന്റെ ആദ്യ റൗണ്ട് എതിരാളി. വലിയ സർവീസുകൾ കയ്യിലുള്ള മിൽമാൻ നദാലിന് വെല്ലുവിളിയാവാൻ സാധ്യതയില്ല. നാട്ടുകാരനും ഇടം കയ്യനുമായ ഫെർണാണ്ടോ വെർഡാസ്കോ മൂന്നാം റൗണ്ടിൽ നദാലിന് എതിരാളി ആയേക്കും. നാലാം റൗണ്ടിൽ മുമ്പ് നദാലിനെ തോല്പിച്ചിട്ടുള്ള മാരിൻ സിലിച്ച്, ജോൺ ഇസ്‌നർ എന്നിവരിൽ ഒരാൾ ആവും ഫ്രഞ്ച് താരത്തിന്റെ എതിരാളി. ക്വാട്ടറിൽ യുവതാരങ്ങളിൽ ഏറ്റവും പ്രതിഭാശാലിയായ അലക്‌സാണ്ടർ സെവർവ്വ് അല്ലെങ്കിൽ കാരൻ കാച്ചനോവ എന്നിവരിൽ ഒരാൾ ആവും നദാലിനെ നേരിടുക. ഈ വർഷം മോശം പ്രകടനം തുടർന്ന സെവർവ്വ് തന്റെ മികവിലേക്ക് ഉയരുമോ എന്നു കണ്ടറിയണം. സെമിഫൈനലിൽ എത്തതാനുള്ള നദാലിന്റെ പ്രയാണം കറുപ്പമേറിയത് എന്നുറപ്പാണ്.
കളിമണ്ണിൽ മാത്രമല്ല തനിക്ക് മറ്റ് കോർട്ടുകളും വഴങ്ങും എന്നു തെളിയിക്കാൻ ആവും നാലാം സീഡ് ഡൊമനിക് തീം ഇപ്രാവശ്യത്തെ യു.എസ് ഓപ്പണിൽ കളിക്കാൻ ഇറങ്ങുക. എന്നാൽ തങ്ങളുടെ ആദ്യ ഗ്രാന്റ് സ്‌ലാം സെമിഫൈനൽ ലക്ഷ്യം വക്കുന്ന യുവതാരങ്ങളുടെ ഒരു സംഘത്തെ തന്നെ മറികടന്നാൽ മാത്രമേ തീമിനു സെമിഫൈനൽ എന്ന സ്വപ്നത്തിലേക്ക് എത്താൻ സാധിക്കൂ. മികച്ച പ്രതിഭകൾ ആയ ഗ്രീക്ക് താരം സെറ്റഫനോസ് സ്റ്റിസിപാസ്, ഫ്രഞ്ച് താരം ആഗൽ അലിയാസിമ, ആന്ദ്രയ് റൂബ്ലേവ്, കെയിൻ എഡ്മണ്ട്, ഡെന്നിസ് ഷാപോവാലോവ് എന്നിവർക്ക് ഒപ്പം ഓസ്‌ട്രേലിയൻ വികൃതി പയ്യൻ നിക്ക് ക്യൂരിയോസും സെമിഫൈനൽ ലക്ഷ്യം വക്കുന്നു. ക്യൂരിയോസ് എങ്ങനെ കളിക്കും എന്നു ക്യൂരിയോസിന് കൂടി പ്രവചിക്കാൻ ആവാത്തതിനാൽ ക്യൂരിയാസിന്റെ ഏതുമുഖം ആവും അമേരിക്ക കാണുക എന്നു കാത്തിരുന്നു കാണാം. എന്നാൽ യുവതാരങ്ങൾക്ക് ഇടയിൽ ഈ വിംബിൾഡൺ സെമിഫൈനൽ കളിച്ച 31 കാരനായ അനുഭവസമ്പന്നനായ സ്പാനിഷ് താരം റോബർട്ടോ ബാറ്റിസ്റ്റ അഗ്യൂറ്റിനെ എഴുതിതള്ളാൻ ആവില്ല. ഈ ക്വാട്ടറിൽ ആരു സെമിഫൈനൽ കളിക്കും എന്നു പ്രവചിക്കാൻ ആവില്ല. അഗ്യൂറ്റിനും തീമിനും തന്നെയാണ് സാധ്യത കൂടുതൽ. സെമിയിൽ റാഫേൽ നദാൽ ആവും എതിരാളിയായി വരാൻ സാധ്യതയേറെ. വീണ്ടും ബിഗ് 3 യുടെ ആവർത്തനമോ അല്ല പുതിയ ജേതാവോ അതിനുള്ള ഉത്തരം ഏതായാലും ന്യൂയോർക്ക് 2 ആഴ്ചകൾക്ക് അകം നൽകും.