അടുത്ത സീസണിന് മുന്നോടിയായി ടീം ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന ബാഴ്‌സ, മാഞ്ചസ്റ്റർ സിറ്റി മിഡ്ഫീൽഡർ ബെർണാഡോ സിൽവക്കായും ശ്രമം നടത്തിയേക്കും. താരത്തിന്റെ ഏജന്റ് ജോർജെ മെന്റസുമായി ബുധനാഴ്ച്ച നടത്തിയ ചർച്ചയിലാണ് ബാഴ്‌സലോണ തങ്ങളുടെ താൽപര്യം അറിയിച്ചത്.
കോച്ച് സാവിയുടെ ഇഷ്ടതാരത്തെ ടീം മാനേജ്‌മെന്റിനും ഏറെ താല്പര്യമുണ്ടെങ്കിലും, താരത്തെ ടീമിൽ എത്തിക്കുന്നത് ബാഴ്‌സക്ക് ഒരിക്കലും എളുപ്പമുള്ള കാര്യമാവില്ല. 2025 വരെ കരാർ ബാക്കിയുള്ള പോർച്ചുഗീസുകാരനെ വിട്ട് കൊടുക്കാൻ സിറ്റിയും താല്പര്യപ്പെടുന്നില്ല.
പെപ്പ് ഗ്വാർഡിയോളയുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായ ഇരുപത്തിയേഴുകാരൻ കഴിഞ്ഞ സീസണിലും ടീം വിടാനുള്ള താൽപര്യം അറിയിച്ചിരുന്നു. എന്നാൽ പെപ്പിന്റെ നിർബന്ധം ഒന്നു കൊണ്ടു മാത്രം ടീമിൽ തുടരാൻ താരം സമ്മതിക്കുകയായിരുന്നു. മുൻ പോർച്ചുഗീസ് – ബാഴ്‌സ ലെജൻഡ് ഡെക്കോയുടെ ആരാധകനായ താരത്തിന് അദ്ദേഹത്തെ പോലെ ബാഴ്‌സ ജേഴ്‌സി അണിയണമെന്നാണ് ചിരകാലാഭിലാഷം.
ടീം വിടാൻ സാധ്യതയുള്ള ഫ്രാങ്കി ഡിയോങ്ങിന് പകരക്കാരൻ ആയാണ് ബാഴ്‌സ ബെർണാഡോ സിൽവയെ കാണുന്നത്. നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേണ്ടി ബാഴ്‌സക്ക് ഫ്രാങ്കിയെ കയ്യൊഴിയേണ്ടി വന്നേക്കും എന്നാണ് സൂചനകൾ. എങ്കിലും തങ്ങളുടെ സുപ്രധാന താരങ്ങളിൽ ഒരാളെ കൈമാറുമ്പോൾ മാഞ്ചസ്റ്റർ സിറ്റി പ്രതീക്ഷിക്കുന്ന തുക ബാഴ്‌സക്ക് താങ്ങാൻ ആവുമോ എന്നതും സംശയകരമാണ്. താരങ്ങളെ പരസ്പ്പരം വെച്ചു മാറുന്നതും സാധ്യതയാണ്. ഡിയോങ്ങിനെ വൻതുകക്ക് കൈമാറാൻ സാധിച്ചില്ലെങ്കിൽ പകരം താരമെന്ന ഉദ്ദേശം ബാഴ്‌സ ഉപേക്ഷിക്കുകയും ചെയ്യും.
മെന്റസുമായുള്ള ചർച്ചയിൽ ബാഴ്‌സ താരം നിക്കോ അടക്കമുള്ളവരുടെ ഭാവി ചർച്ച ആയി. താരം ടീം വിടാൻ ഉദ്ദേശിക്കുന്നില്ലെന്നു മാധ്യമപ്രവർത്തകരോടായി അദ്ദേഹം പറഞ്ഞു. റൂബെൻ നെവസ് അടക്കം മെന്റസിന്റെ കീഴിൽ ഉള്ള കളിക്കാരുടെ പേരുകൾ ചർച്ചയിൽ വന്നു.