ബെൻസീമയുടെ ഇരട്ട ഗോളിന് മറുപടിയായി റൊണാൾഡോ ഇരട്ടഗോൾ, പോർച്ചുഗലും പ്രീക്വാർട്ടറിൽ

20210624 022948

കഴിഞ്ഞ യൂറോ കപ്പ് ഫൈനലിന്റെ ആവർത്തനമായിരുന്നു ഇന്നത്തെ ഗ്രൂപ്പ് എഫിലെ ഫിക്സ്ചർ. കളി തുടങ്ങും മുമ്പ് തന്നെ യോഗ്യത ഉറപ്പിച്ച ഫ്രാൻസിനേക്കാൾ ഇന്നത്തെ മത്സരം പോർച്ചുഗലിനായിരുന്നു നിർണായകം. കഴിഞ്ഞ മത്സരത്തിൽ ജർമ്മനിയോട് ഏറ്റ വൻ തോൽവിയും അവർക്ക് മറക്കേണ്ടതുണ്ടായിരുന്നു. ആദ്യ ഇലവനിൽ കാര്യമായ മാറ്റങ്ങളുമായാണ് പോർച്ചുഗൽ ഇന്ന് ഇറങ്ങിയത്. ബ്രൂണോ ഫെർണാണ്ടസിനെ ബെഞ്ചിൽ ഇരുത്തിയ സാന്റോസ് മൗട്ടീനോയെയും സാഞ്ചസിനെയും മധ്യനിരയിൽ ഇറക്കി.

കളി മികച്ച രീതിയിൽ തുടങ്ങിയത് ഫ്രാൻസ് ആയിരുന്നു. 16ആം മിനുറ്റിൽ പോഗ്ബയുടെ ഒരു പാസ് ഒറ്റയ്ക്ക് കുതിച്ച എമ്പപ്പെയെ കണ്ടെത്തി. എന്നാൽ എമ്പപ്പെയുടെ ഷോട്ട് എളുപ്പത്തിൽ റുയി പട്രിസിയോ സേവ് ചെയ്തു. കളി ഫ്രാൻസിന്റെ നിയന്ത്രണത്തിൽ ആണെന്ന് തോന്നൊപ്പിച്ച നിമിഷത്തിലാണ് പോർച്ചുഗലിന് ഒരു സെറ്റ് പ്ലേ ലഭിക്കുന്നത്. ആ ഫ്രീകിക്ക് പെനാൾട്ടി ബോക്സിൽ എത്തിയപ്പോൾ ഹെഡ് ചെയ്യാൻ ഉയർന്ന ഡനിലോയെ ഫ്രഞ്ച് കീപ്പർ വീഴ്ത്തിയതിന് റഫറി പെനാൾട്ടി വിധിച്ചു.

പെനാൾട്ടി എടുത്ത ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ലക്ഷ്യം തെറ്റാതെ പന്ത് വലയിൽ എത്തിച്ചു. റൊണാൾഡോയുടെ ഈ ടൂർണമെന്റിലെ നാലാം ഗോളും പോർച്ചുഗലിനായുള്ള 108ആം ഗോളുമായിരുന്നു ഇത്. ഈ ഗോളിന് ഫ്രാൻസിന്റെ മറുപടി വന്നതും പെനാൾട്ടിയിൽ നിന്നായിരുന്നു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് സെമെഡോ എമ്പപ്പെയെ വീഴ്ത്തിയതിനായിരുന്നു പെനാൾട്ടി. വളരെ സോഫ്റ്റായ ഒരു പെനാൾട്ടി തീരുമാനം ആയിരുന്നു ഇത്. ബെൻസീമ ആ പെനാൾട്ടി വലയിൽ എത്തിച്ചു. ബെൻസീമയുടെ 2015ന് ശേഷം ഫ്രഞ്ച് ജേഴ്സിയിലെ ആദ്യ ഗോളായിരുന്നു ഇത്.

രണ്ടാം പകുതിയിൽ പോർച്ചുഗൽ ജാവോ പലിനയെയും ഫ്രാൻസ് ഡീനെയെയും കളത്തിൽ എത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഫ്രാൻസ് ലീഡ് എടുത്തു. പോർച്ചുഗലിന്റെ ഓഫ്സൈഡ് ട്രാപ്പ് മറികടന്ന് ബെൻസീമ ആണ് ഫ്രാൻസിന് ലീഡ് നൽകിയത്. പോൾ പോഗ്ബയുടെ മനോഹര പാസാണ് ബെൻസീമയുടെ ഗോളിന് വഴി തെളിച്ചത്. ഈ ലീഡ് അധിക നേരം നീണ്ടു നിന്നില്ല. 60ആം മിനുട്ടിൽ ഒരു പെനാൾട്ടി പോർച്ചുഗലിന്റെ രക്ഷയ്ക്ക് എത്തി.

റൊണാൾഡോ തന്നെ നേടിയ പെനാൾട്ടി താരം തന്നെ എടുത്ത് വലയിൽ എത്തിക്കുക ആയിരുന്നു. ഈ ഗോൾ പോർച്ചുഗലിന് സമനില നൽകിയതിന് ഒപ്പം റൊണാൾഡോയെ ലോക റെക്കോർഡിലും എത്തിച്ചു. അന്താരാഷ്ട്രതലത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന അലി ദെയുടെ റെക്കോർഡിനൊപ്പം റൊണാൾഡോ ഈ ഗോളോടെ എത്തി. 109 ഗോളുകളാണ് രണ്ട് പേർക്കും ഉള്ളത്.

67ആം മിനുട്ടിൽ റുയി പട്രിസിയോയുടെ ഇരട്ട സേവുകൾ പോർച്ചുഗൽ രക്ഷയ്ക്ക് എത്തി. ആദ്യം പോഗ്ബയുടെ ഒരു ലോങ് റേഞ്ചർ ഫുൾ ലെങ്ത് ഡൈവിലൂടെ പട്രിസ്യോ തട്ടിയകറ്റി. അത് ചെന്ന് പതിച്ചത് ഗ്രീസ്മന്റെ കാലിൽ ആയിരുന്നു. ഗ്രീസ്മന്റെ ഷോട്ടും ഉയർന്ന് ചാടി പട്രിസിയോ തടഞ്ഞു. ഇരു ടീമും വിജയഗോളിനായി ശ്രമിച്ചു എങ്കിലും
കളി സമനിലയിൽ അവസാനിച്ചു.

ഫ്രാൻസ് അഞ്ചു പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായപ്പോൾ പോർച്ചുഗൽ നാലു പോയിന്റുമായി മികച്ച മൂന്നാം സ്ഥാനക്കാരായി പ്രീക്വാർട്ടറിൽ കടന്നു. ഹംഗറിയെ സമനിലയിൽ പിടിച്ച ജർമ്മനി രണ്ടാം സ്ഥാനക്കരായും പ്രീക്വാർട്ടറിൽ കടന്നു.