ഒന്നര വർഷത്തിനു ശേഷം റയൽ മാഡ്രിഡ് തങ്ങളുടെ ഹോം ഗ്രൗണ്ടിലേക്ക് മടങ്ങി വന്ന മത്സരത്തിൽ ആഞ്ചലോട്ടിക്കും ടീമിനും വമ്പൻ വിജയം. പുതുക്കി പണിത ബെർണബെയുവിലെ ആദ്യ മത്സരത്തിൽ സെലറ്റ വിഗോയെ നേരിട്ട റയൽ മാഡ്രിഡ് രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് വിജയിച്ചത്. ഹാട്രിക്കുമായി ബെൻസീമ തന്നെയാണ് ഇന്ന് റയലിന്റെ ഹീറോ ആയത്. തുടക്കത്തിൽ രണ്ട് തവണ പിറകിൽ പോയ ശേഷമായിരുന്നു റയലിന്റെ വിജയം.
ആദ്യം നാലാം മിനുട്ടിൽ മിന ആണ് സെൽറ്റയെ മുന്നിൽ എത്തിച്ചത്. ഇതിന് 24 മിനുട്ടിൽ ബെൻസീമ മറുപടി പറഞ്ഞു. വാൽവെർദെ അസിസ്റ്റിൽ നിന്നായിരുന്നു ബെൻസീമയുടെ ആദ്യ ഗോൾ. 31ആം മിനുട്ടിൽ സെർവി വീണ്ടും സെൽറ്റയെ മുന്നിൽ എത്തിച്ചു. ആദ്യ പകുതി 2-1 എന്ന ലീഡോടെ അവസാനിപ്പിക്കാൻ സെൽറ്റ വിഗോക്കായി. പക്ഷെ രണ്ടാം പകുതിയിൽ ഇറങ്ങിയ റയൽ മാഡ്രിഡ് സെൽറ്റയെ തകർത്തു കളഞ്ഞു.
46ആം മിനുട്ടിൽ ബെൻസീമയുടെ ഗോൾ സ്കോർ 2-2 എന്നാക്കി. പിന്നാലെ വിനീഷ്യസ് ജൂനിയർ തന്റെ ഈ സീസണിലെ നാലാം ഗോളോടെ റയലിനെ 3-2ന് മുന്നിൽ എത്തിച്ചു. പിന്നീട് സബ്ബായി റയലിൽ അരങ്ങേറ്റം കുറിച്ച യുവതാരം കാമവിംഗ തന്റെ വരവറിയിച്ചു കൊണ്ട് ഗോൾ നേടി. സ്കോർ 4-2. പിന്നെ 87ആം മിനുട്ടിൽ ഒരു പെനാൾട്ടിയുമായി ബെൻസീമ വിജയത്തിന് അടിവരയിട്ടു. ബെൻസീമക്ക് ഈ ഹാട്രിക്കോടെ ഈ സീസണിൽ 5 ഗോളുകളായി.
ഈ വിജയത്തോടെ റയൽ മാഡ്രിഡ് 10 പോയിന്റുമായി ലീഗിൽ ഒന്നാമത് എത്തി.