ബെഞ്ചമിൻ സ്റ്റോക്‌സ് എന്ന നിങ്ങൾ മനുഷ്യനാണോ മനുഷ്യാ?

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

അല്ലാതെ എന്ത് ചോദിക്കാൻ ആണ്, അല്ലാതെ എന്ത് പറയാൻ ആണ്. ബെഞ്ചമിൻ സ്റ്റോക്‌സ് എന്ന ന്യൂസിലാൻഡിൽ പിറന്ന ഇംഗ്ലീഷ് ക്രിക്കറ്റ് താരമേ നിങ്ങൾ ശരിക്കും മനുഷ്യൻ തന്നെയോ? ക്രിക്കറ്റ് എന്നാൽ 20 ഓവർ ക്രിക്കറ്റ് ആണെന്ന് അതാണ് ഭാവി എന്നു പറയുന്ന സമയത്ത് ആണ് ആ ലോകകപ്പ് ഫൈനലിൽ നിങ്ങൾ അവതരിച്ചത്. തോറ്റെന്നു ഇംഗ്ലീഷ് ആരാധകരും താരങ്ങളും വിശ്വസിച്ച ആ മത്സരത്തിൽ നിങ്ങൾ അന്നടിച്ച പല ഷോട്ടുകളും എങ്ങനെയാണ് അടിച്ചതെന്ന സംശയം ഇന്നും പങ്ക് വക്കുന്ന പലരെയും ഞാൻ കണ്ടിട്ടുണ്ട്. നിങ്ങൾ എങ്ങനെയാണ് ആ കളി ഇംഗ്ളണ്ടിനായി സ്വന്തമാക്കിയത് എന്നു ആലോചിച്ചു അന്തം വിടാറും ഉണ്ട്. ക്രിക്കറ്റ് ചരിത്രം കണ്ട ഏറ്റവും മഹത്തായ മത്സരം എന്നു ഖ്യാതി നേടിയ ആ മത്സരത്തിൽ നിങ്ങൾ ഇംഗ്ലണ്ടിന് കിട്ടാക്കനിയായ ലോകകപ്പ് നേടി കൊടുത്തു. ഇന്ന് നിങ്ങൾ ഈ ആഷസിൽ പരാജയം മാത്രം ഉറപ്പിച്ച ആഷസ് പ്രതീക്ഷകൾ കൈവിട്ട ഇംഗ്ലണ്ടിനായും ടെസ്റ്റ് ക്രിക്കറ്റ് മരിച്ചു എന്നു വിലപിക്കുന്ന ആരാധകർക്കായും അവതരിച്ചപ്പോൾ കണ്ടിരുന്ന എനിക്ക് പലപ്പോഴും എന്റെ ഹൃദയം നിലച്ചതായി പോലും തോന്നിപ്പോയി. ഇത്രയും മഹത്തായ ഒരു ക്രിക്കറ്റ് മത്സരവും ഞാൻ കണ്ടിട്ടില്ല ഇത്രക്ക് മികച്ച ഒരു ഇന്നിങ്‌സും. എന്റെ മനസ്സിൽ നിങ്ങൾ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മഹാനായ താരവും ആയി കഴിഞ്ഞു അത് മാറാനും സാധ്യതയില്ല.

എന്തായിരുന്നു ആ ഇന്നിങ്‌സ്? 67 റൺസിന് വെറും 67 റൺസിനാണ് ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ പുറത്താകുന്നത് അതും 179 റൺസ് നേടിയ ഓസ്‌ട്രേലിയക്ക് എതിരെ വഴങ്ങിയത് 112 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. രണ്ടാം ഇന്നിംഗ്‌സിൽ 200 റൺസ് പോലും ഇംഗ്ലണ്ടുകാർ അതിജീവിക്കില്ലെന്നു ഉറപ്പിച്ച എനിക്ക് 350 തിന് മുകളിൽ വിജയലക്ഷ്യം ഇംഗ്ലണ്ട് മറികടക്കില്ലെന്നു ഉറപ്പായിരുന്നു. പൊരുതി നോക്കിയ റൂട്ടും ഡെൻലിയും വീണപ്പോൾ ഞാൻ കരുതിയ പോലെ കാര്യങ്ങൾ പോകുന്നത് എന്ന് ഉറപ്പിച്ചു. ആ സമയത്ത് ആണ് നിങ്ങൾ അവതരിപ്പിച്ചത് മിസ്റ്റർ സ്റ്റോക്‌സ്. പതുക്കെ തുടങ്ങിയ നിങ്ങൾ അത്രയൊന്നും പോകില്ലെന്ന് എനിക്കറിയാം ആയിരുന്നു. നിങ്ങൾക്ക് മറുവശത്ത് ഓരോ വിക്കറ്റുകൾ വീഴുമ്പോൾ എനിക്ക് തോന്നി തോൽവി ഒരു കാഴ്‌ച്ചക്കാരൻ ആയി നോക്കി നിൽക്കാവുന്ന ആ ദുർവിധി നിങ്ങൾ നേരിടും എന്നു. ഏതാണ്ട് 80 റൺസിന് അടുത്ത് വേണ്ട സമയത്ത് ഒമ്പതാമത്തെ വിക്കറ്റും വീണപ്പോൾ ഇനി വെറും ചടങ്ങു തീർക്കൽ എന്നു ഓസ്‌ട്രേലിയയെ പോലെ ലോകത്തെ അസംഖ്യം ക്രിക്കറ്റ് ആരാധകരെ പോലെ ഞാനും കരുതി.

അല്ലെങ്കിൽ ആരു വിശ്വസിക്കാൻ ആണ് 350 റൺസിന് മുകളിൽ ഇതുവരെ ടെസ്റ്റിൽ പിന്തുടർന്ന് ജയിക്കാത്ത ഇംഗ്ലണ്ടിനെ നിങ്ങൾ ഒറ്റക്ക് ജയിപ്പിക്കും എന്നു. അവസാന വിക്കറ്റിൽ പങ്കാളി ആയ ലീച്ച് വെറും 1 റൺസ് മാത്രം എടുക്കുന്ന മത്സരത്തിൽ നിങ്ങൾ 76 റൺസ് അവസാനവിക്കറ്റ് കൂട്ടുകെട്ട് ഉണ്ടാക്കും എന്നു, ഞങ്ങൾ സ്വപ്നം കാണുകയല്ല മിസ്റ്റർ സ്റ്റോക്‌സ് ഇതൊന്നും നടക്കുന്ന കാര്യങ്ങൾ അല്ല. പക്ഷെ നിങ്ങൾ അത് സാധിച്ചു ഒറ്റക്ക് നിങ്ങൾ ഇംഗ്ലണ്ടിനെ ജയത്തിൽ എത്തിച്ചു. 219 പന്തിൽ നിങ്ങൾ ഇന്ന് നേടിയ ആ 135 റൺസിന് വിലപ്പെട്ട ഒരു റൺസ് പോലും ക്രിക്കറ്റിൽ ആരും ഇന്നേവരെ നേടിയിട്ടില്ല. നിങ്ങൾ ഇന്ന് ഇംഗ്ലണ്ടിനെ നാണക്കേടിൽ നിന്നു രക്ഷിച്ചു, ടെസ്റ്റ് ക്രിക്കറ്റിനെയും.

ഹൃദയമിടിപ്പ് നിന്നോ എന്നു പോലും തോന്നുന്ന ഒന്നായിരുന്നു ആ അവസാനവിക്കറ്റ് കൂട്ടുകെട്ട്. പല പന്തുകളും നിങ്ങൾ നിങ്ങൾക്കായി മാത്രം പറ്റുന്ന രീതിയിൽ അതിർത്തിയിലേക്ക് ഫോർ ആയും സിക്സ് ആയും പറത്തിയപ്പോൾ അന്തം വിട്ടാണ് ഇരുന്നത്. ഇടക്ക് എണീറ്റ് നിന്ന് കയ്യടിച്ചു. ഇടക്ക് ആവശ്യമില്ലാത്ത സമയത്ത് റിവ്യൂ ഉപയോഗിച്ച ഓസ്‌ട്രേലിയയുടെ മണ്ടത്തരം ഞാൻ ആസ്വദിച്ചു. അതിനടുത്ത ഓവറിൽ പണ്ട് ഓസ്‌ട്രേലിയക്ക് എതിരെ അലൻ ബോർഡറെ ഓർമ്മിപ്പിച്ച് ഓടിയ ലീച്ചിനെ റൺ ഔട്ട് ആക്കാനുള്ള അവസരം ലയോൺ കളഞ്ഞപ്പോൾ ഹൃദയം നിന്ന് പോയോ എന്നു പോലും തോന്നിപ്പോയി. അടുത്ത പന്തിൽ ലയോണിന്റെ അവസാനപന്തിൽ നിങ്ങൾ വിക്കറ്റിന് മുന്നിൽ കുടങ്ങിയപ്പോൾ ഞാൻ ഞെട്ടിപ്പോയി. അമ്പയർ ഔട്ട് നിഷേധിച്ചപ്പോൾ അത് വിക്കറ്റ് ആണെന്ന് ഡി. ആർ.എസിൽ വ്യക്തമായിരുന്നു. കഴിഞ്ഞ ഓവറിൽ റിവ്യൂ ഉപയോഗിച്ച ടിം പെയിനു ഞാൻ നന്ദി പറഞ്ഞു. അടുത്ത ഓവർ കമ്മിൻസിന് മുന്നിൽ ലീച്ച് നിന്നപ്പോൾ എണീറ്റ് നിന്നാണ് ഞാൻ കളി കണ്ടത്, ഒടുവിൽ തന്റെ ആദ്യ റൺസ് ഓടിയെടുത്തു സ്‌കോർ ലീച്ച് ഒപ്പമെത്തിച്ചപ്പോൾ ഞാൻ സ്വർഗ്ഗം കണ്ടു. എന്തെന്നാൽ എനിക്ക് ഉറപ്പായിരുന്നു നിങ്ങൾ ഈ അവസരം പാഴാക്കില്ലെന്നു. കമ്മിൻസിനെ ഓഫ് സൈഡിലേക്ക് ഫോറിന് പാഴിച്ച് നിങ്ങൾ അലറിവിളിച്ചപ്പോൾ കൂടെ ഞാനും അലറിവിളിക്കുകയായിരുന്നു. ആ ഗാലറിയിൽ തിങ്ങി നിറഞ്ഞ ആരാധകർക്ക് ഒപ്പം ഞാനും എണീറ്റ് നിന്നു കയ്യടിച്ചു, നിങ്ങളെ കെട്ടിപിടിച്ച ടീം അംഗങ്ങൾക്ക് ഒപ്പം ഞാനും ഉണ്ടായിരുന്നു.

പ്രിയപ്പെട്ട സ്റ്റോക്‌സ് നിങ്ങൾ തിരിച്ച് കൊണ്ട് വന്നത് എന്നിലെ ആ പഴയ ഭ്രാന്തൻ ക്രിക്കറ്റ് ആരാധകനെ ആയിരുന്നു. സമാനതകളില്ലാത്ത ബെൻ സ്റ്റോക്‌സിന്റെ ഈ ഇന്നിംഗ്സിനെ കുറിച്ച് പറയാൻ വാക്കുകൾ ഇനിയും വേണ്ടി വരും. ഇനിയും പറഞ്ഞു കൊണ്ടേയിരിക്കേണ്ടി വരും, ഇനിയും ആയിരം തവണ കയ്യടിക്കേണ്ടി വരും. ഇനി തലമുറകൾ കാണും ക്രിക്കറ്റ് കണ്ട എക്കാലത്തെയും മഹത്തായ ഈ ഇന്നിങ്‌സ്. അന്നവർ നാം ഇന്ന് അന്തം വിട്ട പോലെ അന്തം വിടും, നാം നെടുവീർപ്പിട്ട പോലെ നേറ്റുവീർപ്പ് ഇടും, നാം വണങ്ങിയത് പോലെ ബെൻ സ്റ്റോക്‌സിനെ വണങ്ങും. ടെസ്റ്റ് ക്രിക്കറ്റിനെ എന്തിനു ക്രിക്കറ്റിനെ തന്നെ ബെൻ സ്റ്റോക്‌സ് തിരിച്ചുകൊണ്ടുവന്നിരിക്കുന്നു. ഒരു ക്രിക്കറ്റ് ആരാധകൻ അല്ലെങ്കിൽ കായികപ്രേമി ജീവിക്കുന്നത് തന്നെ ഇത്തരം നിമിഷങ്ങൾക്ക് വേണ്ടിയല്ലേ? നിങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും തീരില്ല ഒരു കടപ്പാടും. നിങ്ങൾ ഒരു വിസ്മയമാണ് സ്റ്റോക്‌സ്, ഒരു ക്രിക്കറ്റ് വിസ്മയം.