ലാലിഗ കിരീട പോരാട്ടത്തിലെ അതിനിർണായക പോരാട്ടം സമനിലയിൽ. ഇന്ന് അത്ലറ്റിക്കോയുടെ ഹോം ഗ്രൗണ്ടായ മെട്രൊപൊളിറ്റാനോയിൽ നടന്ന മാഡ്രിഡ് ഡാർബിയിൽ വൈരികളായ റയൽ മാഡ്രിഡിഡും അത്ലറ്റിക്കോയും ഒരോ ഗോളടിച്ച് പിരിഞ്ഞു. കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ഗോൾ നേടിക്കൊണ്ട് ബെൻസീമയണ് റയലിന്റെ ഹീറോ ആയത്.
മത്സരത്തിന്റെ പതിനഞ്ചാം മിനുട്ടിൽ ആയിരുന്നു അത്ലറ്റിക്കോയ്ക്ക് ലീഡ് നേടാൻ ആയത്. വലതു വിങ്ങിലൂടെ കുതിച്ച് വന്ന യൊറെന്റെ നൽകിയ ത്രൂ പാസ് സ്വീകരിച്ച സുവാരസ് സുഖമായി പന്ത് കോർതോയെ കീഴ്പ്പെടുത്തി വലയിൽ എത്തിച്ചു. രണ്ടാം പകുതിയിൽ വിനീഷ്യസ് ജൂനിയറിനെയും വാല്വെർദെയെയും ഒക്കെ എത്തിച്ചു എങ്കിലും റയൽ അവസരങ്ങൾ ഉണ്ടാക്കിയില്ല. പരിക്ക് മാറി ടീമിലേക്ക് തിരിച്ചെത്തിയ ബെൻസീമയാണ് അവസാനം രക്ഷകനായത്. 88ആം മിനുട്ടിൽ ആയിരുന്നു ബെൻസീമയുടെ ഗോൾ.
ഈ സമനില ലാലിഗ കിരീട പോരാട്ടം ശക്തമാക്കി മാറ്റും. അത്ലറ്റിക്കോ മാഡ്രിഡ് ഈ സമനിലയോടെ 59 പോയിന്റിൽ നിൽക്കുകയാണ്. രണ്ടാമതുള്ള ബാഴ്സലോണക്ക് 56 പോയിന്റും മൂന്നാമതുള്ള റയൽ മാഡ്രിഡിന് 54 പോയിന്റുമാണ് ഉള്ളത്. ഈ രണ്ടു ടീമുകളെക്കാൾ ഒരു മത്സരം കുറവാണ് അത്ലറ്റിക്കോ മാഡ്രിഡ് കളിച്ചത്.