ജയ്പൂരിൽ ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ സ്റ്റേഡിയം ഒരുക്കാൻ ബിസിസിഐ. 100 കോടി രൂപ ഇൻഫ്രാസ്ട്രക്ചർ ഗ്രാന്റായി രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷന് ബിസിസിഐ സ്റ്റേഡിയത്തിന്റെ പണിപൂർത്തിയാക്കാൻ നൽകും. 350 കോടി ചിലവ് പ്രതീക്ഷിക്കുന്നതാണ് പുതിയ സ്റ്റേഡിയം പദ്ധതി. 75,000 സീറ്റിംഗ് കപ്പാസിറ്റിയുമായിട്ടാവും പുതിയ സ്റ്റേഡിയം വരിക.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിനും മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിനും പിന്നിൽ മൂന്നാമത്തെ വലിയ സ്റ്റേഡിയമാണ് ജയ്പൂരിൽ ഒരുങ്ങുന്നത്. ബിസിസിഐയുടെ 100 കോടിക്ക് പുറമേ 100 കോടിയോളം ബാങ്ക് ലോണുകളിൽ നിന്നും ബാക്കി തുക സ്റ്റേഡിയത്തിലെ കോർപ്പറേറ്റ് ബോക്സുകൾ വിറ്റും ലഭ്യമാക്കാനാണ് രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷന്റെ പദ്ധതി. ഈ സ്റ്റേഡിയത്തിന്റെ വരവോടെ ജയ്പൂരിലേക്ക് ഇന്റർനാഷണൽ ക്രിക്കറ്റ് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2013ലാണ് ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ അവസാനമായി ഒരു ഇന്റർനാഷണൽ ക്രിക്കറ്റ് മാച്ച് നടന്നത്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ഹോം സ്റ്റേഡിയമാണിത്. ഈ വർഷം തന്നെ പുതിയ സ്റ്റേഡിയത്തിന്റെ പണിയാരംഭിക്കാനാകുമെന്നാണ് രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ പ്രതീക്ഷിക്കുന്നത്. രണ്ട് വർഷത്തിനുള്ളിൽ പണിപൂർത്തിയാക്കാനാണ് പ്ലാൻ.