ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്കിന് വീണ്ടും ജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മെയിൻസിനെ ബയേൺ പരാജയപ്പെടുത്തിയത്. ലെവൻഡോസ്‌കിയും റോബനും സ്റ്റാർട്ട് ചെയ്യാത്ത മത്സരത്തിൽ സാൻഡ്രോ വാഗ്നർ ബയേണിന് വേണ്ടി ആദ്യമായി സ്റ്റാർട്ട് ചെയ്തു. ഹമ്മെൽസും റൂഡിയും ടോളിസോയും തിരിച്ചെത്തിയ മത്സരത്തിൽ ഫ്രാങ്ക് റിബെറിയും ഹാമിഷ് റോഡ്രിഗസുമാണ് ഗോളടിച്ചത്.
ഇരു ടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ആദ്യം ഗോൾ നേടിയത് ബയേൺ മ്യൂണിക്ക് ആയിരുന്നു. ഫ്രാങ്ക് റിബറിയുടെ തകർപ്പൻ വോളിയിലൂടെ ബയേൺ അക്കൗണ്ട് തുറന്നു. എന്നാൽ ആദ്യ പകുതിക്ക് മുൻപായി ഹാമിഷ് റോഡ്രിഗസിലൂടെ ബയേൺ ലീഡുയർത്തി. തന്റെ ലോകകപ്പ് പ്രകടനത്തെ ഓർമിപ്പിക്കും വിധമായിരുന്നു കൊളംബിയൻ താരത്തിന്റെ ഗോൾ. രണ്ടാം പകുതിയിൽ ഇരു ടീമുകളും കിണഞ് ശ്രമിച്ചെങ്കിലും ഗോൾ അകന്നു നിന്നു. ചാമ്പ്യന്മാർക്ക് മുന്നിൽ അടിയറവ് പറയാൻ മെയിൻസ് ഒരുക്കമായിരുന്നില്ല. തുടർച്ചയായി ബയേണിന്റെ പ്രതിരോധ നിരയെ അവർ പരീക്ഷിച്ചു കൊണ്ടിരുന്നു. ഗോൾ പോസ്റ്റിലെ സ്വെൻ ഉൾറൈക്കിന്റെ തകർപ്പൻ പ്രകടനത്തിന് മുൻപിൽ ഒടുവിൽ മെയിൻസ് അടിയറവ് പറഞ്ഞു
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial