സാഞ്ചസിന് ആദ്യ ഗോൾ, യുണൈറ്റഡിന് ഓൾഡ് ട്രാഫോഡിൽ മികച്ച ജയം

സാഞ്ചസിന്റെ ആദ്യ ഓൾഡ് ട്രാഫോഡ് ഗോൾ പിറന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് മികച്ച ജയം. എതിരില്ലാത്ത 2 ഗോളുകൾക്കാണ് മൗറീഞ്ഞോയുടെ ടീം ഹഡഴ്‌സ്ഫീൽഡിനെ മറികടന്നത്. ജയത്തോടെ 56 പോയിന്റുള്ള യുണൈറ്റഡ്‌ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള പോയിന്റ് വിത്യാസം 13 പോയിന്റായി കുറച്ചു.

സ്പർസിനോട് തോൽവി വഴങ്ങിയ ടീമിൽ നിന്ന് കാര്യമായ മാറ്റങ്ങളുമായാണ് മൗറീഞ്ഞോ ഇത്തവണ ടീമിനെ ഇറക്കിയത്. പോഗ്ബ, മാർഷിയാൽ ആഷ്‌ലി യങ് എന്നിവരെ ബെഞ്ചിൽ ഇരുത്തിയപ്പോൾ ജോൻസും ഹെരേരയും ബെഞ്ചിൽ പോലും ഇടം നേടിയില്ല. മാർക്കോസ് റോഹോ, മക്‌ടോമിനി, ലൂക്ക് ഷോ എന്നിവരാണ് പകരം ടീമിൽ ഇടം നേടിയത്. പക്ഷെ ആദ്യ പകുതിയിൽ യുണൈറ്റഡിന് കാര്യമായി ഒന്നും ചെയ്യാനാവാതെ വന്നതോടെ ആദ്യ പകുതി ഗോൾ രഹിതമായാണ് അവസാനിച്ചത്.

രണ്ടാം പകുതിയിൽ പക്ഷെ യുണൈറ്റഡ്‌ ഉണർന്നതോടെ ഹഡഴ്‌സ് ഫീൽഡിന് കാര്യങ്ങൾ കടുത്തതായി. സാഞ്ചസിനെ തടയാൻ പലപ്പോഴും പരാജയപ്പെട്ട ഹഡഴ്‌സ്ഫീൽഡ് താരങ്ങൾ പലപ്പോഴും ഫൗൾ വഴങ്ങി. 55 ആം മിനുട്ടിൽ മാറ്റയുടെ പാസ്സിൽ ലുകാകു യുണൈറ്റഡിന് ലീഡ് സമ്മാനിച്ചു. ഏറെ വൈകാതെ 68 ആം മിനുട്ടിൽ യൂണൈറ്റഡ് ലീഡ് ഉയർത്തി. ഇത്തവണ ലിംഗാർഡിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി താരം തന്നെ ഗോളാകുകയായിരുന്നു. കിക്ക് ഗോളി തടുത്തെങ്കിലും റീ ബൗണ്ടിൽ സാഞ്ചസ് വല കുലുക്കിയതോടെ താരത്തിന്റെ ആദ്യ യുണൈറ്റഡ്‌ ഗോൾ പിറന്നു. അടുത്ത ആഴ്ച ന്യൂ കാസിലിന് എതിരെയാണ് യുണൈറ്റഡിന്റെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleരണ്ടു ഗോളിന് എ.ടി.കെയെയും മറികടന്ന് ബെംഗളൂരു
Next articleമെയിൻസിനെ തറപറ്റിച്ച് ബയേൺ മ്യൂണിക്ക്