കാഡിസിന്റെ കോട്ട പൊളിച്ചു; സീസണിലെ ആദ്യ ജയം കുറിച്ച് ബാഴ്‌സലോണ

Nihal Basheer

Screenshot 20230821 010900 Brave
Download the Fanport app now!
Appstore Badge
Google Play Badge 1

ലാ ലീഗയിൽ സീസണിലെ ആദ്യ വിജയം കുറിച്ച് എഫ്സി ബാഴ്‌സലോണ. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ കാഡിസിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യന്മാർ കീഴടക്കിയത്. പെഡ്രി, ഫെറാൻ ടോറസ് എന്നിവർ വല കുലുക്കി. മത്സരത്തിന്റെ 80 മിനിറ്റോളം കോട്ട കെട്ടി നിന്ന കാഡിസിനെയും കീപ്പർ ലെദെസ്മയേയും അവസാന പത്ത് മിനിറ്റിൽ കണ്ടെത്തിയ ഗോളുകളിലൂടെ സാവിയും സംഘവും കീഴടക്കുകയായിരുന്നു. ഇതോടെ നിർണായകമായ മൂന്ന് പോയിന്റും കരസ്ഥമാക്കാനായി. കഴിഞ്ഞ മത്സരത്തിലും ഗോൾ കണ്ടെത്താനാവാതെ പോയ ബാഴ്‌സ ഇന്ന് ഒടുവിൽ പെഡ്രിയിലൂടെയാണ് ഇന്ന് അക്കൗണ്ട് തുറന്നത്.
Screenshot 20230821 010726 Brave
അരോഹോ പരിക്കേറ്റ് പുറത്തായതിനാൽ ഡി യോങ്ങിനെ ക്രിസ്റ്റൻസനോടൊപ്പം സെൻട്രൽ ഡിഫെൻസിൽ ഉൾപ്പെടുത്തിയാണ് ബാഴ്‌സ ഇറങ്ങിയത്. യുവതാരം ലമീൻ യമാൽ ആദ്യമായി സ്റ്റാർട്ടിങ് ഇലവനിൽ എത്തി. ഗവിയും സീസണിൽ ആദ്യമായി മത്സരം ആരംഭിച്ചു. പതിവ് പോലെ ബാഴ്‌സലോണ പന്തിന്മേലുള്ള ആധിപത്യം നിലനിർത്തി. ഇടക്കുള്ള കൗണ്ടർ അറ്റാക്കുകൾക്ക് വെണ്ടി കാത്തിരുന്ന കാഡിസിന് അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യം കാണാൻ ആയില്ല. 15ആം മിനിറ്റിൽ യമാലിന്റെ ക്രോസിൽ പെഡ്രിയുടെ ഹെഡർ കീപ്പറുടെ കൈകളിൽ അവസാനിച്ചു. ലെവെന്റോവ്സ്കിയുടെ ഹെഡറും കീപ്പർ സേവ് ചെയ്തു. 28ആം മിനിറ്റിൽ ബോക്സിനുള്ളിൽ പ്രതിരോധ താരങ്ങളെ മാറി കടന്ന് മുന്നേറിയ യമാലിന് ലഭിച്ച സുവർണാവസരവും രക്ഷപ്പെടുത്തി കൊണ്ട് കീപ്പർ കാഡിസിനെ മത്സരത്തിൽ നിലനിർത്തി. കീപ്പർ മാത്രം മുന്നിൽ നിൽക്കെ കുണ്ടേക്ക് ലഭിച്ച അവസരവും ലെദെസ്മ പുറത്തേക്ക് തട്ടിയിട്ടു. പിറകെ ബാൾടെയിൽ നിന്നും റാഞ്ചിയ ബോളുമായി ബോക്സിലേക്ക് കുതിച്ച
റോജർ മർട്ടിയുടെ ഷോട്ട് റ്റെർ സ്റ്റഗൻ തടഞ്ഞു. ആദ്യ പകുതിയിലെ കാഡിസിന്റെ ഏറ്റവും മികച്ച അവസരമായിരുന്നു ഇത്. ഇഞ്ചുറി ടൈമിൽ ബോക്സിന് പുറത്തു നിന്നും ഗുണ്ടോഗന്റെ ഫ്രീകിക്ക് പുറത്തേക്ക് പോയി.

രണ്ടാം പകുതിയിലും കാഡിസ് തങ്ങളുടെ തന്ത്രങ്ങൾ തുടർന്നു. മികച്ചൊരു കൗണ്ടർ നീക്കത്തിൽ റൂബൻ അൽക്കാരസിന് ലഭിച്ച അവസരത്തിൽ താരത്തിന്റെ ഷോട്ട് ലക്ഷ്യത്തിൽ നിന്നും അകന്നു. കോർണറിൽ നിന്നും ഗവിയുടെ ഹെഡർ ബാറിൽ തട്ടി വഴി മാറി. ക്രിസ് റമോസിന് ലഭിച്ച അവസരവും ലക്ഷ്യം കാണാതെ പോയി. ആബ്ദെയുടെ മികച്ചൊരു ഷോട്ട് കീപ്പർ തട്ടിയകറ്റി. ഒടുവിൽ 82ആം മിനിറ്റിൽ ബാഴ്‌സ കാത്തിരുന്ന ഗോൾ എത്തി. ഗുണ്ടഗന്റെ ത്രൂ ബോൾ കണക്കാക്കി ബോക്സിനുള്ളിൽ ഓടിക്കയറിയ പെഡ്രി കൃത്യമായി പന്ത് വലയിൽ എത്തിച്ചു. പിന്നീട് ഇഞ്ചുറി ടൈമിൽ ഫെറാ ടോറസ് വിജയൻ ഉറപ്പിച്ച ഗോളും നേടി. റ്റെർ സ്റ്റഗൻ ഉയർത്തി നൽകിയ പന്ത്. ഗ്രൗണ്ടിന്റെ മധ്യഭാഗത്ത് നിന്നും ലെവെന്റോവ്സ്കി ഹെഡറിലൂടെ മറിച്ചു നൽകിയപ്പോൾ ഓടിക്കയറിയ ഫെറാൻ ടോറസ് കീപ്പറെ അനായാസം മറികടന്ന് വല കുലുക്കി.