ബാഴ്സലോണയുടെ കഷ്ടകാലം തുടരുകയാണ്. ഇന്ന് ലാലിഗയിൽ ഗ്രാനഡയെ നേരിട്ട ബാഴ്സലോണ ദയനീയ പരാജയം ആണ് നേരിട്ടത്. എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. തുടർച്ചയായ എട്ടാം എവേ മത്സരത്തിലാണ് ബാഴ്സലോണ വിജയിക്കാൻ കഴിയാതെ കഷ്ടപ്പെടുന്നത്. ലാലിഗയിൽ ഈ സീസണിൽ കളിച്ച മൂന്ന് എവേ മത്സരത്തിലും ബാഴ്സലോണ വിജയിച്ചില്ല.
ഇന്ന് മെസ്സിയെ ബെഞ്ചിൽ ഇരുത്തി ഇറങ്ങിയ ബാഴ്സലോണ ആദ്യ മിനുട്ടിൽ തന്നെ ഒരു ഗോളിന് പിറകിൽ പോയി. ഡിഫൻഡർ ഫിർപോയ്ക്ക് പറ്റിയ അബദ്ധം മുതലെടുത്ത് അസീസാണ് ആദ്യ മിനുട്ടിൽ തന്നെ ഗോൾ നേടിയത്. പിന്നീട് കളിയിൽ ആധിപത്യം പുലർത്തിയ ഗ്രാനഡ ബാഴ്സലോണയെ വട്ടം കറക്കി.
രണ്ടാം പകുതിയിൽ മെസ്സിയെയും അൻസു ഫറ്റിയെയും ഇറക്കിയെങ്കിലും കാര്യമുണ്ടായില്ല. 66ആം മിനുട്ടിൽ വഡില്ലോ ഒരു പെനാൾട്ടിയിലൂടെ ഗ്രാൻഡയുടെ ലീഡ് ഇരട്ടിയാക്കി. ഓൺ ടാർഗറ്റിൽ ഷോട്ട് ഉതിർക്കാൻ വരെ കഴിയാതെ ബാഴ്സലോണ കഷ്ടപ്പെടുകയായിരുന്നു ഇന്ന്. ഈ പരാജയത്തോടെ ഏഴ് പോയന്റുമായി ഏഴാം സ്ഥാനത്ത് നിൽക്കുകയാണ് ബാഴ്സലോണ. ഗ്രാനഡ 10 പോയന്റുമായി ലീഗിൽ ഒന്നാമത് എത്തുകയും ചെയ്തു.