സൂപ്പർ ഓവറിൽ വിജയം, ടി20 പരമ്പരയിൽ രണ്ടാം ജയം നേടി ഓസ്ട്രേലിയ

Australia

ശ്രീലങ്കയ്ക്കെതിരെ ടി20യിൽ സൂപ്പര്‍ ഓവറിൽ വിജയം നേടി ഓസ്ട്രേലിയ. ഇരു ടീമുകളും 164 റൺസ് നേടിയ മത്സരത്തിൽ സൂപ്പര്‍ ഓവറിൽ 5/1 എന്ന സ്കോര്‍ ആണ് ശ്രീലങ്ക നേടിയത്. ഹസരംഗ എറിഞ്ഞ സൂപ്പര്‍ ഓവറിൽ മൂന്ന് പന്തിൽ ഓസ്ട്രേലിയ വിജയം നേടുകയായിരുന്നു.

ശ്രീലങ്കന്‍ ഇന്നിംഗ്സിലെ അവസാന ഓവറിൽ 19 റൺസ് നേടേണ്ടിയിരുന്ന ടീമിന് 18 റൺസ് നേടിയപ്പോള്‍ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങുകയായിരുന്നു. മഹീഷ് തീക്ഷമ 3 പന്തിൽ 10 റൺസും ദുഷ്മന്ത ചമീര അവസാന പന്തും ബൗണ്ടറി നേടിയാണ് സ്കോര്‍ ഒപ്പമെത്തിച്ചത്.

53 പന്തിൽ 73 റൺസ് നേടിയ പതും നിസ്സങ്കയും 19 പന്തിൽ 34 റൺസ് നേടിയ ദസുന്‍ ഷനകയും ആണ് ലങ്കയ്ക്കായി 164 റൺസ് ചേസിംഗിൽ തിളങ്ങിയത്. 8 വിക്കറ്റാണ് ടീമിന് നഷ്ടമായത്. ഓസ്ട്രേലിയയ്ക്കായി ഹാസൽവുഡ് 3 വിക്കറ്റ് നേടി.

നേരത്തെ ജോഷ് ഇംഗ്ലിസ് നേടിയ 48 റൺസിനൊപ്പം ആരോൺ ഫിഞ്ച്(25), ബെന്‍ മക്ഡര്‍മട്ട്(18), മാര്‍ക്കസ് സ്റ്റോയിനിസ്(19) എന്നിവരുടെ പ്രകടനങ്ങളാണ് ഓസ്ട്രേലിയയെ 164/6 എന്ന സ്കോറിലെത്തിച്ചത്. ശ്രീലങ്കയ്ക്കായി വനിന്‍ഡു ഹസരംഗ, ദുഷ്മന്ത ചമീര എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.