മിസ്റ്റർ ഐ.പി.എല്ലിനെ ആർക്കും വേണ്ട, സുരേഷ് റെയ്‌നയെ കൈവിട്ടു ചെന്നൈയും

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു ടീമിലും സ്ഥാനം ലഭിക്കാതെ ഐ.പി.എല്ലിലെ ഏറ്റവും വലിയ റൺ വേട്ടക്കാരിൽ ഒരാളായ സുരേഷ് റെയ്‌ന. രണ്ടു കോടി അടിസ്ഥാന വിലയുള്ള റെയ്നക്ക് ആയി ആദ്യ ദിനം ഒരു ടീമുകളും രംഗത്ത് വന്നില്ല. രണ്ടാം ദിനം ആക്സലറേഷൻ ലിസ്റ്റിൽ ഇരു ടീമുകളും താരത്തെ ഉൾപ്പെടുത്തിയില്ല.

ചെന്നൈ സൂപ്പർ കിംഗ്‌സ് ഇതിഹാസം ആയ റെയ്ന അവരുടെ കിരീട നേട്ടങ്ങളിൽ പ്രധാന പങ്ക് വഹിച്ച താരമാണ്. 205 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്നു 5,528 റൺസ് ആണ് റെയ്ന ലീഗിൽ ആകെ നേടിയത്. ചെന്നൈ പോലും 35 കാരനായ താരത്തിന് ആയി രംഗത്ത് വന്നില്ല. ഇത് ആദ്യമായാണ് ഒരു ഇന്ത്യൻ പ്രീമിയർ ലീഗിൽ റെയ്ന കളിക്കാതിരിക്കുക, കഴിഞ്ഞ എല്ലാ സീസണുകളിലും 400 ൽ അധികം റൺസ് നേടിയ താരം കൂടിയാണ് മുൻ ഇന്ത്യൻ താരം.