
ഇന്ത്യയ്ക്കെതിരെ ആദ്യ ഏകദിന മത്സരത്തില്‍ വിജയം നേടി ഓസ്ട്രേലിയന്‍ വനിതകള്‍. തികച്ചും ആധികാരികമായ വിജയമാണ് ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്ത ഓസ്ട്രേലിയ നേടിയത്. ഇന്ത്യയെ 200 റണ്‍സിനു ചുരുക്കിയ ശേഷം ലക്ഷ്യം 2 വിക്കറ്റുകളുടെ നഷ്ടത്തില്‍ 32.1 ഓവറില്‍ ഓസ്ട്രേലിയ നേടുകയായിരുന്നു. 100 റണ്‍സ് തികച്ച ഓസ്ട്രേലിയന്‍ ഓപ്പണര്‍ നിക്കോള്‍ ബോള്‍ട്ടണ്‍ ആണ് കളിയിലെ താരം. അലൈസ ഹീലി(38), മെഗ് ലാന്നിംഗ്(33), എല്‍സെ പെറി(25*) എന്നിവരാണ് പുറത്താകാതെ നിന്ന ബോള്‍ട്ടണു പിന്തുണയായി ബാറ്റിംഗില്‍ തിളങ്ങിയത്. ഇന്ത്യയ്ക്കായി ശിഖ പാണ്ഡേ ഒരു വിക്കറ്റ് നേടിയപ്പോള്‍ മെഗ് ലാന്നിംഗ് റണ്‍ഔട്ട് രൂപത്തിലാണ് പുറത്തായത്.
നേരത്തെ 113/7 എന്ന നിലയിലേക്ക് തകര്‍ന്ന ഇന്ത്യയെ സുഷ്മ വര്‍മ്മ(41)-പൂജ വസ്ത്രാകര്‍(51) സഖ്യം നേടിയ 76 റണ്‍സാണ് നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. ഓസ്ട്രേലിയയ്ക്ക് വേണ്ടി ജെസ്സ് ജോനാസെന്‍ നാലും അമാന്‍ഡ വെല്ലിംഗ്ടണ്‍ മൂന്നും വിക്കറ്റ് നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial