രണ്ടാം ഏകദിനത്തിലും ഓസ്ട്രേലിയന്‍ ആധിപത്യം

മെൽബേണിലെ ജംഗ്ഷന്‍ ഓവലില്‍ ഇന്ന് നടന്ന രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ട് വനിതകളെ തകര്‍ത്തെറിഞ്ഞ് ഓസ്ട്രേലിയ. ലോ സ്കോറിംഗ് മത്സരത്തിൽ ഇംഗ്ലണ്ട് 129 റൺസിന് പുറത്തായപ്പോള്‍ ഈ സ്കോര്‍ മറികടക്കുവാന്‍ ഓസ്ട്രേലിയയ്ക്ക് 5 വിക്കറ്റാണ് നഷ്ടമായത്. 35.2 ഓവറിലായിരുന്നു ഓസ്ട്രേലിയയുടെ വിജയം.

എല്‍സെ പെറിയും താഹ്‍ലിയ മഗ്രാത്തും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ജെസ്സ് ജോന്നാസെന്‍ രണ്ട് വിക്കറ്റ് നേടി. ഇംഗ്ലണ്ട് നിരയിൽ 9ാമതായി ഇറങ്ങി പുറത്താകാതെ 32 റൺസ് നേടിയ സോഫി എക്ലെസ്റ്റോൺ ആണ് ടോപ് സ്കോറര്‍. ആമി എല്ലന്‍ ജോൺസ് 28 റൺസും വിന്‍ഫീൽഡ് ഹിൽ 24 റൺസും നേടി.

ബൗളിംഗിലെ പോലെ എല്‍സെ പെറി ബാറ്റിംഗിലും 40 റൺസുമായി തിളങ്ങിയപ്പോള്‍ ആഷ്‍ലൈഗ് ഗാര്‍ഡ്നര്‍ 31 റൺസ് നേടി. 22 റൺസ് നേടിയ അലൈസ ഹീലിയാണ് മറ്റൊരു പ്രധാന സ്കോറര്‍. ഇംഗ്ലണ്ടിനായി കേറ്റ് ക്രോസ് 2 വിക്കറ്റ് നേടി.