ഓസ്‌ട്രേലിയൻ ഓപ്പണിൽ ഓസ്‌ട്രേലിയൻ താരം ജോൺ മിൽമാനെതിരെ തോൽവി വഴങ്ങി എന്നു സംശയിച്ച മത്സരം ജയിച്ചു കയറി റോജർ ഫെഡറർ. ഒരുപാട് അട്ടിമറികൾ കണ്ട ഇന്ന് റോജർ ഫെഡററെ മിൽമാൻ അട്ടിമറിച്ചു എന്നു കരുതിയ ഇടത്ത് നിന്നാണ് ടെന്നീസ് മാന്ത്രികൻ ഉയിർത്തെഴുന്നേറ്റത്. 5 സെറ്റുകളും 4 മണിക്കൂറും നീണ്ട മാരത്തോൺ മത്സരത്തിൽ ഇരു താരങ്ങളും തങ്ങളുടെ സർവ്വവും നൽകിയപ്പോൾ റോഡ് ലേവർ അറീനയിൽ പിറന്നത് അവിസ്മരണീയമായ ഒരു മത്സരം തന്നെയായിരുന്നു. ആദ്യ സെറ്റ് മുതൽ നന്നായി കളിച്ച ഓസ്‌ട്രേലിയൻ താരം 2018 യു.എസ് ഓപ്പണിൽ ഫെഡററെ തോൽപ്പിച്ച അനുഭവസമ്പത്ത് മത്സരത്തിലേക്ക് കൊണ്ട് വന്നു. ആദ്യ സെറ്റിൽ സർവ്വീസ് ബ്രൈക്ക് വഴങ്ങി എങ്കിലും രണ്ട് തവണ ഫെഡററിന്റെ സർവ്വീസ് ബ്രൈക്ക് ചെയ്ത മിൽമാൻ ആദ്യ സെറ്റ് 6-4 നു സ്വന്തം പേരിൽ കുറിച്ചു മത്സരത്തിൽ മുന്നിലെത്തി.
രണ്ടാം സെറ്റിൽ ഇരുതാരങ്ങളും വിടാതെ പൊരുതിയപ്പോൾ സെറ്റ് ടൈബ്രെക്കറിലേക്ക് നീണ്ടു. ടൈബ്രെക്കറിലൂടെ സെറ്റ് സ്വന്തമാക്കിയ ഫെഡറർ മത്സരത്തിൽ ആധിപത്യം പിടിച്ചു. മൂന്നാം സെറ്റിൽ രണ്ടാം സെറ്റിലെ പ്രകടനം ആവർത്തിച്ച ഫെഡറർ മിൽമാന്റെ സർവ്വീസ് ബ്രൈക്ക് ചെയ്തു 6-4 നു മൂന്നാം സെറ്റ് സ്വന്തമാക്കി മത്സരം ഒരു സെറ്റ് അകലെയാക്കി. എന്നാൽ മത്സരത്തിൽ ഉടനീളം അസാധ്യമായി കളിച്ച മിൽമാൻ തന്റെ മികവ് തിരിച്ചു പിടിച്ചപ്പോൾ നാലാം സെറ്റ് 6-4 നു ഓസ്‌ട്രേലിയൻ താരത്തിന് സ്വന്തം. പതിവിൽ നിന്ന് വ്യത്യസ്തമായി നാട്ടുകാരൻ ആയതിനാൽ കാണികളുടെ പിന്തുണ ഏതാണ്ട് തുല്യമായി ഫെഡററിന്റെ എതിരാളിക്ക് ലഭിച്ചു എന്നത് മിൽമാനു ആവേശമായി. അവിസ്മരണീയമായ പോരാട്ടത്തിനാണ് അഞ്ചാം സെറ്റിൽ കാണികൾ സാക്ഷ്യം വഹിച്ചത്.
അഞ്ചാം സെറ്റിൽ ആദ്യം തന്നെ ഫെഡററിന്റെ സർവ്വീസ് ബ്രൈക്ക് ചെയ്ത മിൽമാൻ ഫെഡററെ സമ്മർദ്ദത്തിലാക്കി. എന്നാൽ തിരിച്ചു മിൽമാന്റെ അടുത്ത സർവ്വീസ് ബ്രൈക്ക് ചെയ്ത ഫെഡറർ കീഴടങ്ങാൻ ഒരുക്കമല്ലായിരുന്നു. തുടർന്ന് ഇരു താരങ്ങളും തങ്ങളുടെ സർവീസുകൾ നിലനിർത്തിയപ്പോൾ മത്സരം സൂപ്പർ ടൈബ്രെക്കറിലേക്ക് നീണ്ടു. ടൈബ്രെക്കറിൽ അപാരമായ തുടക്കം ലഭിച്ച മിൽമാൻ ഫെഡററെ ആദ്യമെ തന്നെ സമ്മർദ്ദത്തിലാക്കി. 8-4 നു സൂപ്പർ ടൈബ്രെക്കറിൽ 2 പോയിന്റ് അകലെ ജയം കയ്യെത്തും ദൂരെയാക്കി ഓസ്‌ട്രേലിയൻ താരം. എന്നാൽ എല്ലാരും തോൽവി ഉറപ്പിച്ച സമയത്ത് സമാനതകളില്ലാത്ത വിധം തിരിച്ചു വന്ന ഫെഡറർ അടുത്ത 6 പോയിന്റുകൾ നേടി മത്സരം സ്വന്തമാക്കിയത് അവിശ്വസനീയതോടെയാണ് കാണികൾ നോക്കിയിരുന്നത്. ഇതോടെ മിൽമാന്റെ മികച്ച പോരാട്ടത്തിനു ഫെഡറർ അന്ത്യം കുറിച്ചു.
ജയത്തോടെ 2018 ലെ യു.എസ് ഓപ്പണിലെ പരാജയത്തിന് ഫെഡറർ പ്രതികാരം ചെയ്തു. ഓസ്‌ട്രേലിയൻ ഓപ്പണിൽ ഇന്നത്തെ ജയത്തോടെ 100 മത്തെ മത്സരജയം ആണ് ഫെഡറർ കുറിച്ചത്. ഇതോടെ വിംബിൾഡൺ, ഓസ്‌ട്രേലിയൻ ഓപ്പൺ എന്നീ രണ്ട് ഗ്രാന്റ് സ്‌ലാമുകളിലും 100 ൽ അധികം ജയം കണ്ടെത്തിയ താരമായി ഫെഡറർ. കൂടാതെ ഇത് 18 മത്തെ പ്രാവശ്യമാണ് ഫെഡറർ ഓസ്‌ട്രേലിയൻ ഓപ്പണിന്റെ നാലാം റൗണ്ടിൽ കടക്കുന്നത്. കൂടാതെ ഓപ്പൺ ഇറയിൽ ഗ്രാന്റ് സ്‌ലാമുകളിൽ 5 സെറ്റ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ജയം കണ്ട താരമെന്ന റെക്കോർഡിൽ പീറ്റ് സാമ്പ്രസിന്റെ റെക്കോർഡിന് ഒപ്പമെത്തി ഫെഡറർ ഇന്ന്. 29 തവണയാണ് ഫെഡറർ ഗ്രാന്റ് സ്‌ലാമുകളിൽ 5 സെറ്റ് പോരാട്ടം ജയിക്കുന്നത്. 2018 ൽ സിലിച്ചിന് എതിരെ നേടിയ ജയത്തിനു ശേഷം ആദ്യമായാണ് ഫെഡറർ 5 സെറ്റ് നീണ്ട മത്സരം ജയിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. എന്നാൽ ഈ പ്രകടനം ഫെഡററെ ഓസ്‌ട്രേലിയൻ ഓപ്പണിൽ കൂടുതൽ മുന്നോട്ട് നയിക്കുമോ എന്നു കണ്ടറിയണം. നാലാം റൗണ്ടിൽ ടോമി പോളിനെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്ന് എത്തുന്ന മാർട്ടൻ ഫ്യൂസ്‌കോവിക്‌സ് ആണ് ഫെഡററിന്റെ എതിരാളി.