അർട്ടേറ്റയ്ക്കും ആഴ്സണലിനും ആശ്വസിക്കാം. യൂറോപ്പ ലീഗിലെ നോക്കൗട്ട് പോരാട്ടത്തിൽ ബെൻഫികയുമായുള്ള പോരാട്ടത്തിൽ അവസാന നിമിഷങ്ങളിൽ ആണ് ആഴ്സണൽ വിജയം ഉറപ്പിച്ചത്. ആദ്യ പാദത്തിൽ 1-1 എന്ന് പിരിഞ്ഞ ടീമുകൾ ഇന്നത്തെ മത്സരത്തി 87ആം മിനുട്ട് വരെ 2-2 എന്ന നിലയിൽ ആയിരുന്നു. എവേ ഗോൾ റൂളിൽ ബെൻഫിക പ്രീക്വാർട്ടറിലേക്ക് കടക്കുന്ന അവസ്ഥ ആയിരുന്നു അപ്പോൾ. ആ സമയത്താണ് ഒബാമയങ്ങ് നായകനായി അവതരിച്ച് ആഴ്സണലിന് വിജയ ഗോൾ നൽകിയത്.
ഇന്ന് 21ആം മിനുട്ടിൽ ഒബാമയങ് ആണ് കളിയിലെ ആദ്യ ഗോൾ നേടിയത്. 43ആം മിനുട്ടിലെ ഗോൺസാല്വസ് ഗോൾ ബെൻഫികയ്ക്ക് സമനില നൽകി. 61ആം മിനുട്ടിൽ റാഫേൽ സിൽവ കൂടെ ഗോൾ നേടിയതോടെ ബെൻഫിക 2-1ന് മുന്നിൽ. അഗ്രിഗേറ്റിൽ 3-2നും മുന്നിൽ. ബെൻഫികയ്ക്ക് രണ്ട് എവേ ഗോൾ ഉണ്ട് എന്നതിനാൽ അടുത്ത റൗണ്ട് കാണാൻ ആഴ്സണൽ രണ്ട് ഗോൾ അടിച്ചെ മതിയാകു എന്ന അവസ്ഥ.
67ആം മിനുട്ടിൽ സബ്ബായി എത്തിയ വില്യൻ നിമിഷ നേരങ്ങൾ കൊണ്ട് ഒരുക്കിയ അവസരം ലക്ഷ്യത്തിൽ എത്തിച്ച് ടിയേർനി ആഴ്സണലിനെ തിരികെ കളിയിൽ കൊണ്ടു വന്നു. പിന്നെ വിജയ ഗോളിനായുള്ള പോരാട്ടം. 87ആം മിനുട്ടിൽ വലതു വിങ്ങിൽ നിന്ന് സാക കൊടുത്ത ക്രോസ് കൃത്യമായി തലവെച്ച് ഒബാമയങ്ങ് ഗോൾ. ആഴ്സണൽ പ്രീക്വാർട്ടറിലേക്ക് മാർച്ചും ചെയ്തു.