ലാലിഗയിൽ ഒരു മത്സരത്തിൽ കൂടെ അത്ലറ്റിക്കോ മാഡ്രിഡ് പോയിന്റ് നഷ്ടപ്പെടുത്തിയിരിക്കുകയാണ്. ഇന്നലെ ശക്തരുടെ പോരാട്ടത്തിൽ റയൽ ബെറ്റിസിനെ നേരിട്ട അത്ലറ്റിക്കോ മാഡ്രിഡ് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 1-1 എന്ന സ്കോറിലാണ് മത്സരം അവസാനിച്ചത്. അവസാന 10 ലാലിഗ മത്സരങ്ങൾക്ക് ഇടയിൽ അത്ലറ്റിക്കോ പോയിന്റ് നഷ്ടപ്പെടുത്തുന്ന ഏഴാമത്തെ മത്സരമാണിത്. ഇന്നലെ ആദ്യ 20 മിനുട്ടിൽ ആയിരുന്നു രണ്ടു ഗോളുകളും വന്നത്.
6ആം മിനുട്ടിൽ കരാസ്കോയിലൂടെ ഗോൾ കണ്ടെത്താൻ അത്ലറ്റിക്കോ മാഡ്രിഡിനായി. എന്നാൽ 20ആം മിനുട്ടിൽ ആതിഥേയരായ ബെറ്റിസ് ടെല്ലോയിലൂടെ സമനില കണ്ടെത്തി. ഒബ്ലകിന്റെ മികച്ച പ്രകടനം ഇല്ലായിരുന്നു എങ്കിൽ അത്ലറ്റിക്കോ മാഡ്രിഡിന് സമനിലയും ലഭിക്കില്ലായിരുന്നു. ഈ സമനില അത്ലറ്റിക്കോ മാഡ്രിഡിനെ തിരികെ ലീഗിൽ ഒന്നാമത് എത്തിച്ചു എങ്കിലും കിരീട പോരാട്ടത്തിൽ ഈ ഫലം തിരിച്ചടി തന്നെയാണ്. 30 മത്സരങ്ങളിൽ 67 പോയിന്റാണ് അത്ലറ്റിക്കോയ്ക്ക് ഉള്ളത്. 66 പോയിന്റുമായി റയൽ മാഡ്രിഡ് രണ്ടാമതും 65 പോയിന്റുമായി ബാഴ്സലോണ മൂന്നാമതുമാണ് ഉള്ളത്.