സെൽറ്റക്ക് എതിരെ വമ്പൻ ജയം നേടി അത്ലറ്റികോ മാഡ്രിഡ്, ലീഗിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു

Screenshot 20220911 031736 01

സ്പാനിഷ് ലാ ലീഗയിൽ സെൽറ്റ വിഗോയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്ത് അത്ലറ്റികോ മാഡ്രിഡ്. ജയത്തോടെ ലീഗിൽ നാലാം സ്ഥാനത്ത് എത്താനും സിമിയോണിയുടെ ടീമിന് ആയി. ഇരു ടീമുകളും കളത്തിൽ സമാസമം ആയിരുന്നു എങ്കിലും ഗോൾ നേടുന്നതിൽ അത്ലറ്റികോയുടെ കൃത്യതയാണ് അവർക്ക് ജയം സമ്മാനിച്ചത്. മത്സരത്തിൽ ഒമ്പതാം മിനിറ്റിൽ തന്നെ അത്ലറ്റികോ മുൻതൂക്കം കണ്ടത്തി. മികച്ച നീക്കത്തിന് ഒടുവിൽ റോഡ്രിഗോ ഡി പോളിന്റെ പാസിൽ നിന്നു ഏഞ്ചൽ കൊറയ ഗോൾ കണ്ടത്തുക ആയിരുന്നു. ഗോൾ മഴയാണ് രണ്ടാം പകുതിയിൽ കാണാൻ ആയത്.

അത്ലറ്റികോ മാഡ്രിഡ്

50 മത്തെ മിനിറ്റിൽ കൊക്കെയുടെ പാസിൽ നിന്നു ബോക്സിന് പുറത്ത് നിന്ന് റോഡ്രിഗോ ഡി പോളിന്റെ ശ്രമം സെൽറ്റ താരത്തിന്റെ ദേഹത്ത് തട്ടി ഗോൾ ആയി മാറി. 66 മത്തെ മിനിറ്റിൽ ജോയഫ്രിയുടെ പാസിൽ നിന്നു യാനിക് കരാസ്‌കോ നേടിയ സോളോ ഗോൾ അത്ലറ്റികോ ജയം ഉറപ്പിച്ചു. 5 മിനിറ്റിനുള്ളിൽ കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ അസ്‌പാസിന്റെ പാസിൽ നിന്നു ഗോൾ നേടിയ ഗാബ്രി വെയിഗ സെൽറ്റക്ക് നേരിയ പ്രതീക്ഷ നൽകി. എന്നാൽ 82 മത്തെ മിനിറ്റിൽ മതിയാസ് ഗുൻഹയുടെ ഷോട്ട് തടയാനുള്ള ഉനയ് നുനസിന്റെ ശ്രമം സെൽഫ് ഗോളിൽ കലാശിച്ചതോടെ അത്ലറ്റികോ മാഡ്രിഡ് ജയം പൂർത്തിയാക്കുക ആയിരുന്നു. ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ശേഷം റയൽ മാഡ്രിഡിനു എതിരായ മാഡ്രിഡ് ഡാർബിയാണ് അത്ലറ്റികോ മാഡ്രിഡിന്റെ ലാ ലീഗയിലെ അടുത്ത മത്സരം.