ഇന്ത്യൻ സൂപ്പർ ലീഗിൽ വിജയക്കുതിപ്പ് തുടരാൻ ഇൽകോ ഷറ്റോരിയും സംഘവും ഇന്ന് കൊൽക്കത്തയിൽ. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വൈകിട്ട് 7.30 ആണ് കിക്കോഫ്. ഐഎസ്എൽ ഈ സീസണാരംഭിച്ചത് കേരള ബ്ലാസ്റ്റേഴ്സ് – എടികെ പോരാട്ടത്തോടെയായിരുന്നു. കൊച്ചിയിലെ നിറഞ്ഞ ആരാധകരെ സാക്ഷി നിർത്തി ബ്ലാസ്റ്റേഴ്സ് ജയിച്ച് കയറുകയും ചെയ്തു.
പിന്നീട് കളി മറന്ന കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിലൂടെ ശക്തമായി തിരിച്ചെത്തിയിരുന്നു. 5-1 ന്റെ വമ്പൻ ജയമാണ് ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്സിക്കെതിരെ നേടിയത്. ഈ വിജയക്കുതിപ്പ് തുടരാനാകും ബ്ലാസ്റ്റേഴ്സിന്റെ ശ്രമം. ബ്ലാസ്റ്റേഴ്സ്- എടികെ പോരാട്ടത്തിന് ഒരു ചരിത്രമുണ്ട്. ഈ സീസണിൽ മികച്ച ഫോമിലാണെങ്കിലും എടികെ കഴിഞ്ഞ അഞ്ച് മത്സരങ്ങളായി കേരള ബ്ലാസ്റ്റേഴ്സിനോട് ജയിച്ചിട്ടില്ല. റോയ് കൃഷ്ണയുടെയും ഡേവിഡ് വില്ല്യംസിന്റെയും നേതൃത്വത്തിൽ ഉള്ള അക്രമണനിരയുമായി ഇറങ്ങുന്ന എടികെ അപകടകാരികളാണ്. ഈ കൂട്ട് കെട്ടിൽ 13 ഗോളുകളും അഞ്ച് അസിസ്റ്റുകളും പിറന്നു കഴിഞ്ഞു. ഈ സീസണിൽ ആകെ എടികെ നേടിയിട്ടുള്ളത് 21 ഗോളുകൾ മാത്രമാണ്. ടോപ്പ് ഫോറിലെത്തി പ്ലേ ഓഫ് ലക്ഷ്യം വെക്കുന്ന എടികെക്ക് ഇന്ന് ജയം ആവശ്യമാണ്.
ഷറ്റോരിയുടെ ബ്ലാസ്റ്റേഴ്സിനും ജയം തന്നെയാണ് വേണ്ടത്. പ്ലേ ഓഫ് സ്വപ്നങ്ങൾ വേണമെങ്കിൽ എല്ലാ മത്സരങ്ങളും ജയിച്ചേ മതിയാവു. നീണ്ട പരിക്കിനെത്തുടർന്ന് മാറിനിന്ന ജിയാനി സുവർലൂണിന്റെ തിരിച്ചുവരവ് ഹൈദരാബാദിനോടെന്ന പോലെ കൊൽക്കത്തയിലും ഗുണകരമാകുമെന്നാണ് പ്രതീക്ഷ. ബ്ലാസ്റ്റേഴ്സിന്റെ അക്രമണം നയിക്കുന്നത് മെസ്സി ബൗളിയും ക്യാപ്റ്റൻ ഒഗ്ബചെയുമാണ്. ഐഎസ്എൽ പോയന്റ് നിലയിൽ മൂന്നാമതാണ് എടികെ അതേ സമയം 11 പോയന്റുമായി 8മതാണ് കേരള ബ്ലാസ്റ്റേഴ്സ്.