സമനിലയിൽ കുരുങ്ങി അറ്റലാന്റ, ടേബിൾ ടോപ്പിലെത്താനുള്ള അവസരം കളഞ്ഞുകുളിച്ചു

20220911 181626

സീരി എയിൽ അറ്റലാന്റക്ക് സമനില കുരുക്ക്. സ്വന്തം ഗ്രൗണ്ടിൽ വെച്ചു നടന്ന മത്സരത്തിൽ ക്രമോണീസാണ് ഗാസ്പെരിനിയുടെ സംഘത്തെ സമനിലയിൽ തളച്ചത്. അറ്റലാന്റക്ക് വേണ്ടി ഡെമിരാൽ ഗോൾ നേടിയപ്പോൾ ക്രിമോണീസിന്റെ ഗോൾ വാലെറി നേടി. ഇതോടെ പോയിന്റ് പട്ടികയിൽ ഒറ്റക്ക് മുകളിൽ എത്താനുള്ള അവസരം അറ്റലാന്റ കളഞ്ഞു കുളിച്ചു. നിലവിൽ നാപോളിക്കും എസി മിലാനുമൊപ്പം പതിനാല് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് അറ്റലാന്റ. അതേ സമയം ലീഗിൽ ഇതുവരെ വിജയം നേടാൻ കഴിയാത്ത ക്രിമോണീസിന് സമനില ചെറിയ ആശ്വാസമാകും.

ഇരുപത്തിയാറു വർഷങ്ങൾക്ക് ശേഷം സീരി എയിൽ ഇരു ടീമുകളും മുഖാമുഖം വന്നപ്പോൾ അവസാന കൂടിക്കാഴ്ച്ചയുടെ അതേ ഫലം തന്നെ ഇന്നും ആവർത്തിച്ചു. അന്നും ഇതേ സ്കോറിൽ ആയിരുന്നു ടീമുകൾ പിരിഞ്ഞത്. എഴുപതിനാലാം മിനിറ്റിലാണ് അറ്റലാന്റയുടെ ഗോൾ വന്നത്. പ്രതിരോധ താരം ഡെമിറലിന്റെ വകയായിരുന്നു ഗോൾ. എന്നാൽ ലീഡ് നേടിയ സന്തോഷം അധിക നേരം നിലനിർത്താൻ അറ്റലാന്റക്കായില്ല. നാല് മിനിറ്റുകൾക്ക് ശേഷം വലെറി സമനില ഗോൾ കണ്ടെത്തി.