യുദ്ധം തളർത്താത്ത പോരാട്ട വീര്യവുമായി സിറിയ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

യുദ്ധം തളർത്താത്ത പോരാട്ട വീര്യവുമായി സിറിയ ഏഷ്യാകപ്പിനെത്തുകയാണ്. ഒരു ദശബ്ദക്കാലത്തോളമായി സിറിയ എന്ന് കേൾക്കുമ്പോൾ മനസ്സിൽ ഓർമ്മ വരിക യുദ്ധക്കെടുതികളും നഷ്ടപ്പെട്ട ജീവനുകളുടെ കണക്കുമാണ്. എങ്കിലും എല്ലാത്തരം പ്രതിസന്ധികളെയും അതിജീവിച്ച് സിറിയൻ ഫുട്ബോൾ ടീം ഏഷ്യാകപ്പിനിറങ്ങുകയാണ്. കലുഷിതമായ അന്തരീക്ഷം മൂലം ഹോം മത്സരങ്ങൾ മലേഷ്യയിലും ഒമാനിലും കളിക്കുന്ന സിറിയ ഏഷ്യാകപ്പിനിറങ്ങുന്നത് ചരിത്രം തിരുത്തിക്കുറിക്കാനാണ്.

കഴിഞ്ഞ രണ്ടു വർഷം കൊണ്ട് സിറിയ എന്ന രാജ്യത്തിന് ഫുട്ബോൾ ലോകത്ത് തങ്ങളുടേതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കാൻ സാധിച്ചു. കപ്പിനും ചുണ്ടിനുമിടയ്ക്കാണ് റഷ്യയിൽ നടന്ന ലോകകപ്പിനുള്ള യോഗ്യത ആസ്ട്രേലിയയോട് പരാജയപ്പെട്ട് അവർക്ക് നഷ്ടമായത്. എന്നാൽ ഏഷ്യാകപ്പിലെ ഗ്രൂപ്പ് ബിയിൽ പലസ്തീൻ,ജോർദ്ദാൻ, എന്നിവർക്ക് പുറമെ ആസ്ട്രേലിയയുമുണ്ട്. ലോകകപ്പ് യോഗ്യത മത്സരത്തിലെ തോൽവിക്ക് പകരം വീട്ടാനുള്ള സുവർണാവസരവും സിറിയക്ക് മുൻപിലുണ്ട്.

ലോകകപ്പ് യോഗ്യത മത്സരത്തിൽ 2-1 അഗ്ഗ്രിഗേറ്റിലാണ് സിറിയ പരാജയപ്പെട്ടത്. ജെംഷെഡ്പൂരിന്റെ ആസ്ട്രേലിയൻ താരം ടിം കാഹിലിന്റെ ഇരട്ട ഗോളുകൾ സിറിയയുടെ പ്രതീക്ഷകളെ തകർത്തു. ഒരു സമനിലയിൽ എവേ ഗോളിന്റെ ആനുകൂല്യത്തിൽ സിറിയ യോഗ്യത നേടിയേനെ. ഏഷ്യാകപ്പിൽ ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനക്കാരായെങ്കിലും അടുത്ത ഘട്ടത്തിൽ സിറിയ കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജർമ്മൻ കോച്ച് ബെർണാഡ് സ്റ്റാങ്ങിന്റെ കീഴിൽ ആസ്‌ട്രേലിയയിൽ പരിശീലന ക്യാമ്പും നിരവധി സൗഹൃദ മത്സരങ്ങളും സിറിയ കളിച്ച് സിറിയ തയ്യാറായിട്ടുണ്ട്.

132 മത്സരങ്ങളിൽ 128 ഗോളുകൾ സൗദി ക്ലബായ അൽ -അഹ്‌ലിക്ക് വേണ്ടി അടിച്ച ഒമർ അൽ സോമയാണ് സിറിയൻ ആക്രമണത്തിന്റെ കുന്തമുന. ലോകകപ്പ് യോഗ്യത മത്സരങ്ങളിലൂടെ താരമായ നാഫിയും സിറിയൻ ആക്രമണത്തിന് മൂർച്ച കൂട്ടും. പ്രതിരോധം മാത്രമാണ് സിറിയക്ക് തലവേദനയാകുന്നത്. കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ ബഹ്‌റൈനെതിരെ മാത്രമാണ് സിറിയ ജയിച്ചിട്ടുള്ളത്. എങ്കിലും ചൈന,ജപ്പാൻ,ഇറാൻ എന്നി ടീമുകളോട് സമനില നേടാൻ അവർക്ക് കഴിഞ്ഞു. ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ദക്ഷിണ കൊറിയയോടും ആസ്ട്രേലിയയോടും മാത്രമാണ് സിറിയ പരാജയമറിഞ്ഞത്.