യൂറോപ്പ ലീഗിൽ ഗ്രൂപ്പ് എയിൽ ജയത്തോടെ തുടങ്ങി ആഴ്‌സണൽ. സ്വിസ് ജേതാക്കൾ ആയ എഫ്.സി സൂറിച്ചിനെ അവരുടെ മൈതാനത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് ആഴ്‌സണൽ തോൽപ്പിച്ചത്. പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകി ഇറങ്ങിയ ആഴ്‌സണൽ ഗോൾ കീപ്പർ മാറ്റ് ടർണർ, ബ്രസീലിയൻ യുവതാരം മാർക്വീനോസ് തുടങ്ങിയവർക്ക് അരങ്ങേറ്റം നൽകി. ക്ലബിന് ആയി ആദ്യമായി ആദ്യ പതിനൊന്നിൽ മധ്യനിര താരം ഫാബിയോ വിയേരയും ഇടം പിടിച്ചു. മികച്ച ഒരു പ്രത്യാക്രമണത്തിൽ എഡി എങ്കിതയുടെ പാസിൽ നിന്നു 19 കാരനായ ബ്രസീലിയൻ താരം മാർക്വീനോസ് ക്ലബിന് ആയി തന്റെ ആദ്യ ഗോൾ നേടി.
ഗോൾ അടിച്ച ശേഷം ആനന്ദക്കണ്ണീർ ഒഴുക്കി താരം. ആദ്യ പകുതിയിൽ നിരവധി അവസരങ്ങൾ വീണ്ടും ആഴ്‌സണൽ ഉണ്ടാക്കി എങ്കിലും ലക്ഷ്യം കാണാൻ ആയില്ല. ആദ്യ പകുതിക്ക് തൊട്ടു മുമ്പ് എഡി എങ്കിത ഫൗൾ വഴങ്ങിയതോടെ സ്വിസ് ടീമിന് പെനാൽട്ടി ലഭിച്ചു. 44 മത്തെ മിനിറ്റിൽ പെനാൽട്ടി ലക്ഷ്യം കണ്ട മിർലിന്റ് ക്രയസു സ്വിസ് ചാമ്പ്യൻമാർക്ക് സമനില ഗോൾ സമ്മാനിച്ചു. ഇന്ന് മരണപ്പെട്ട ഇംഗ്ലീഷ് മഹാറാണി എലിസബത്ത് 2 നു ആദരാഞ്ജലികൾ അർപ്പിച്ചു ആണ് രണ്ടാം പകുതി തുടങ്ങിയത്. രണ്ടാം പകുതിയിൽ കൂടുതൽ ആക്രമണം നടത്തിയ ആഴ്‌സണൽ 62 മത്തെ മിനിറ്റിൽ വിജയഗോൾ നേടി.
മാർക്വീനോസിന്റെ മനോഹരമായ ക്രോസിൽ നിന്നു പെനാൽട്ടി വഴങ്ങിയതിന് പ്രായശ്ചിത്തം ചെയ്തു എഡി എങ്കിത മികച്ച ഹെഡറിലൂടെ ആഴ്‌സണലിന്റെ രണ്ടാം ഗോൾ നേടി. തുടർന്നും ഗോൾ നേടാനുള്ള അവസരങ്ങൾ ലഭിച്ചു എങ്കിലും ആഴ്‌സണലിന് അതൊന്നും ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല.മാർക്വീനോസിന്റെ അതുഗ്രൻ അരങ്ങേറ്റം തന്നെയായിരുന്നു ആഴ്‌സണൽ മത്സരത്തിലെ പ്രധാന ആകർഷണം. അതേസമയം ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഡച്ച് ക്ലബ് പി.എസ്.വി ബോഡോയോട് സമനില വഴങ്ങി. ബോഡോക്ക് ആയി ആൽബർട്ട് ഗോൾ നേടിയപ്പോൾ കോഡി ഗാക്പോ ആണ് പി.എസ്.വിയുടെ സമനില ഗോൾ നേടിയത്.