17കാരിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നേപ്പാൾ ക്രിക്കറ്റ് ടീം ക്യാപ്റ്റന് അറസ്റ്റ് വാറണ്ട്

നേപ്പാൾ ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആയ സന്ദീപ് ലാമിച്ചനെക്ക് എതിരെ നേപ്പാളിൽ ബലാത്സംഗ കേസിൽ അറസ്റ്റ് വാറണ്ട്. കാഠ്മണ്ഡുവിലെ ഹോട്ടൽ മുറിയിൽ വച്ച് തന്നെ ബലാത്സംഗം ചെയ്‌തെന്ന് 17 കാരിയായ പെൺകുട്ടി നൽകിയ പരാതിയിലാണ് സന്ദീപ് ലാമിച്ചനെയ്‌ക്കെതിരെ നേപ്പാളിലെ കോടതി വ്യാഴാഴ്ച അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

നേപ്പാൾ ക്രിക്കറ്റ് അസോസിയേഷൻ താരത്തെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കിയിട്ടുണ്ട്. അടുത്തിടെ മാത്രമായിരുന്നു സന്ദീപ് നേപ്പാൾ ക്യാപ്റ്റൻ ആയത്. 22 കാരനായ ലാമിച്ചനെ കഴിഞ്ഞ മാസം പരാതിക്കാരിയായ പെൺകുട്ടിയെ കാഠ്മണ്ഡുവിലെയും ഭക്താപൂരിലെയും വിവിധ സ്ഥലങ്ങളിൽ സന്ദർശനത്തിനായി കൊണ്ടുപോവുകയും കാഠ്മണ്ഡുവിലെ ഒരു ഹോട്ടലിൽ വച്ച് ബലാത്സംഗം ചെയ്യുകയും ചെയ്തു എന്നാണ് പരാതി.