അർട്ടേറ്റയെയും ആഴ്സണലിനെയും വിമർശിച്ചവർ ഒക്കെ പതിയെ നിശബ്ദരാവുകയാണ്. അർട്ടേറ്റയിൽ അർപ്പിച്ച വിശ്വാസം ഫലം കാണുകയാണെന്ന് തെളിയിച്ചു കൊണ്ട് ആഴ്സണൽ ഒരു വിജയം കൂടെ നേടി ടോപ് 4ന് അടുത്തേക്ക് എത്തി. ഇന്ന് എമിറേറ്റ്സ് സ്റ്റേഡിയത്തിൽ വാറ്റ്ഫോർഡിനെ നേരിട്ട ആഴ്സണൽ മറുപടിയില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. വിജയം ഒരു ഗോളിന് മാത്രമാണ് എങ്കിലും അതിമനോഹര ഫുട്ബോൾ ആണ് ആഴ്സണൽ ഇന്ന് കളിച്ചത്.
ആദ്യ പകുതിയിൽ ഏഴാം മിനുട്ടിൽ തന്നെ സാക ആഴ്സണലിന് ലീഡ് നൽകി എങ്കിലും വാർ ഗോൾ നിഷേധിച്ചു. 36ആം മിനുട്ടിൽ ആഴ്സണലിന് ലീഡ് നേടാൻ ഒരു പെനാൾട്ടിയിലൂടെ അവസരം കിട്ടി. പെനാൾട്ടി എടുത്ത അവരുടെ വിശ്വസ്തൻ ഒബാമയങ്ങിന് പിഴച്ചു. ഒബമയങ്ങിന്റെ ഷോട്ട് ഫോസ്റ്റർ തടഞ്ഞു. തുടർച്ചയായി രണ്ടാം പെനാൾട്ടി ആണ് ഒബാമയങ്ങ് ആഴ്സണൽ ജേഴ്സിയ നഷ്ടമാക്കുന്നത്.
രണ്ടാം പകുതിയിൽ യുവതാരം എമിലെ സ്മിത് റോ ആഴ്സണൽ രക്ഷകനായി. 56 മിനുട്ടിൽ ആയിരുന്നു സ്മിത് റോയുടെ ഗോൾ. താരത്തിന്റെ ലീഗിലെ നാലാം ഗോളാണ് ഇത്. ഇതിനു ശേഷം ഒബാമയങ് നേടിയ ഒരു ഗോളും വാർ ഓഫ്സൈഡ് കാരണം നിഷേധിച്ചു. അവാസാന നിമിഷങ്ങളിൽ കുക ചുവപ്പ് കാർഡ് വാങ്ങിയതിനാൽ വാറ്റ്ഫോർഡ് പത്തുപേരുമായാണ് കളി അവസാനിപ്പിച്ചത്.
ഈ വിജയത്തോടെ ആഴ്സണൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്ന് ലീഗിൽ അഞ്ചാം സ്ഥാനത്ത് എത്തി. വാറ്റ്ഫോർഡ് 17ആം സ്ഥാനത്താണ് ഉള്ളത്.