ടാർഗറ്റിലേക്ക് ഒരു ഷോട്ട് പോലും ഇല്ലാതെ കോണ്ടെയുടെ സ്പർസിലെ ആദ്യ ലീഗ് മത്സരം

20211107 203352

അന്റോണിയോ കോണ്ടെയുടെ സ്പർസ് പരിശീലകനായുള്ള പ്രീമിയർ ലീഗിലെ ആദ്യ മത്സരം സമനിലയിൽ അവസാനിച്ചു. ഇന്ന് എവർട്ടണെ ഗുഡിസൻ പാർക്കിൽ വെച്ച് നേരിട്ട സ്പർസ് ഗോൾ രഹിത സമനില ആണ് വഴങ്ങിയത്. അന്റോണിയോ കോണ്ടെയുടെ ടീമിന് ഇന്ന് ഒരു ഷോട്ട് ടാർഗറ്റിലേക്ക് തൊടുക്കാൻ പോലും ആയില്ല. ആദ്യ പകുതിയിൽ സ്പർസ് പന്ത് കൈവ വെച്ചു കളിച്ചു എങ്കിലും രണ്ടാം പകുതിയിൽ എത്തിയപ്പോൾ കളി കൂടുതലും ഹോം ടീമായ എവർട്ടന്റെ കാലുകളിലായി.

രണ്ടാം പകുതിയിൽ റിചാർലിസണെ ഫൗൾ ചെയ്തതിന് എവർട്ടണ് അനുകൂലമായി റഫറി പെനാൾട്ടി വിളിച്ചു എങ്കിലും വാർ റിവ്യുവിന് ശേഷം ആ പെനാൾട്ടി നിഷേധിക്കപ്പെട്ടു. എവർട്ടൺ നല്ല അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഫൈനൽ ബോൾ നന്നാവാത്തത് അവരെയും ഗോളിൽ നിന്ന് അകറ്റി. 89ആം മിനുട്ടിൽ ലൊ സെൽസോയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയതായിരുന്നു സ്പർസിന്റെ ഏറ്റവും മികച്ച അവസരം. 91ആം മിനുട്ടിൽ ഹൊയിബർഗിനെ ഫൗൾ ചെയ്തതിന് എവർട്ടൺ താരം ഹൗൾഗേറ്റ് ചുവപ്പ് കണ്ട് പുറത്തായത് എവർട്ടണെ പത്തു പേരാക്കി ചുരുക്കി. എങ്കിലും പരാജയപ്പെടാതെ കളി അവസാനിപ്പിക്കാൻ എവർട്ടണായി.

ഈ സമനിലയോടെ സ്പർസ് 16 പോയിന്റുമായി ഒമ്പതാം സ്ഥാനത്ത് നിൽക്കുന്നു. 15 പോയിന്റുമായി എവർട്ടൺ പതിനൊന്നാം സ്ഥാനത്താണ്.

Previous articleഫോം തുടര്‍ന്ന് പാക്കിസ്ഥാന്‍ ബാറ്റ്സ്മാന്മാര്‍, 18 പന്തിൽ 54 റൺസ് നേടി ഷൊയ്ബ് മാലിക്
Next articleട്രസ്റ്റ് ദ പ്രോസസ്!! ആഴ്സണൽ ടോപ് 4ന് അരികെ